കുടുംബത്തിന്റെ മുന്നിലിട്ട് കാര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച് ബസ് ജീവനക്കാരന്; സംഭവം വടകരയിൽ
കോഴിക്കോട്: കുടുംബത്തോടൊപ്പം കാറില്‍ യാത്രചെയ്യുകയായിരുന്ന വ്യാപാരിക്ക് ബസ് ജീവനക്കാരന്റെ ക്രൂരമര്‍ദനം. വടകര മൂരാട് സ്വദേശിയായ സാജിദ് കൈരളിയെയാണ് സ്വകാര്യബസിലെ ക്ലീനര്‍ റോഡിലിട്ട് മര്‍ദിച്ചത്.
ബസിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് ജീവനക്കാരന് മര്‍ദിച്ചതെന്നാണ് കാര്‍ ഓടിച്ചിരുന്ന സാജിദിന്റെ പരാതി. വടകര കുട്ടോത്തായിരുന്നു സംഭവം.
സ്ത്രീകള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പം മരണവീട്ടില്‍നിന്ന് മടങ്ങുന്നതിനിടെയാണ് വടകര ചാനിയംകടവ്-പേരാമ്പ്ര റൂട്ടിലോടുന്ന ദേവനന്ദ ബസിലെ ക്ലീനര്‍ ക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു.
സാജിദിനെ കുത്തിപിടിച്ച് റോഡിലേക്ക് തള്ളിയിടുന്നതും മര്‍ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്ത്രീകളടക്കമുള്ളവര്‍ സംഭവംകണ്ട് നിലവിളിക്കുന്നതും അടിക്കല്ലേയെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് ജീവനക്കാരനെ പിന്തിരിപ്പിച്ചത്.