മദ്യപിച്ചു പൊതു സ്ഥലത്ത് അതിക്രമം; വനിതാ പൊലീസ് ഇൻസ്പക്ടറെ കൈയ്യേറ്റം ചെയ്തു; യുവതി റിമാൻഡിൽ
കണ്ണൂർ: തലശ്ശേരി നഗരത്തിലെ കീഴന്തി മുക്കിൽ തിങ്കളാഴ്ച്ച രാത്രി പത്തു മണിയോടെ കാറിൽ സഞ്ചരിച്ചു മദ്യപിച്ച് അതിക്രമം കാണിക്കുകയും പൊലീസിനെയും യാത്രക്കാരെയും കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ വടക്കുമ്പാട് കല്യാണം വീട്ടിൽ റസീനയെന്ന (38) വയസുകാരിയെ തലശ്ശേരി എസ്.ഐ. വി.വി. ദീപ്തി അറസ്റ്റ് ചെയ്തു. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി കീഴന്തിമുക്കിലായിരുന്നു യുവതിയുടെ അതിക്രമം. നഗരത്തിൽ യുവതി പ്രശ്നം ഉണ്ടാക്കിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ യ്ക്കു നേരെയും ഇവർ പരാക്രമം നടത്തിയിരുന്നു. അറസ്റ്റ് ചെയ്ത യുവതിയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോകും വഴി പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി. മുമ്പും ഈ യുവതി മദ്യപിച്ച് വാഹനത്തിലെത്തി പരാക്രമം നടത്തിയിട്ടുണ്ടെന്നു പറയുന്നു. വിവിധ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത യുവതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. യുവതി സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ തടയാൻ ചെന്ന എസ്.ഐക്കും പൊലിസുകാർക്കും പരുക്കേറ്റിട്ടുണ്ട്.