തൃശൂരിൽ കോഴിഫാമിന്റെ മറവിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം, 2500 ലിറ്റർ സ്പിരിറ്റടക്കം കണ്ടെത്തി; ബി ജെ പി മുൻ പഞ്ചായത്തംഗം പിടിയിൽ
തൃശൂർ: വെള്ളാഞ്ചിറയിൽ വൻ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ബി ജെ പി മുൻ പഞ്ചായത്തംഗം കെ പി എ സി ലാൽ അടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ നിന്ന് 15,000 കുപ്പി വ്യാജ വിദേശ മദ്യം പിടിച്ചെടുത്തു. കൂടാതെ 2,500 ലിറ്റർ സ്പിരിറ്റും കണ്ടെത്തി.
കോഴി ഫാമിന്റെ മറവിലായിരുന്നു വ്യാജ മദ്യ നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കോഴിത്തീറ്റയും മറ്റും വയ്ക്കുന്ന മുറിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് വ്യാജ മദ്യം സൂക്ഷിച്ചിരുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ലാൽ നാടക നടൻ കൂടിയാണ്.