വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പൗരത്വ ഭേദഗതിയും എന്‍.ആര്.സിയും വിഷയമാകുമെന്ന് സൂചനകള്‍. മതസ്വാതന്ത്ര്യത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുമെന്നാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് അറിയിച്ചത്.
സി.എ.എ, എന്‍.ആര്.സി തുടങ്ങിയ വിഷയങ്ങളില്‍ നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താന്‍ ട്രംപ് ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായിരുന്നു മതസ്വാതന്ത്ര്യത്തെക്കുറിച്ച് തീര്‍ച്ചയായും ചര്‍ച്ചയുണ്ടാകുമെന്ന് ഉദ്യേഗസ്ഥന് അറിയിച്ചത്.
‘നിങ്ങള്‍ ഉന്നയിച്ച പൗരത്വ ഭേദഗതിയിലും എന്‍.ആര്.സിയിലും ഞങ്ങള്‍ക്കും ആശങ്കയുണ്ട്. ഇന്ത്യയും അമേരിക്കയും ജനാധിപത്യ – മതസ്വാതന്ത്ര്യ മൂല്യങ്ങളുടെ പാരമ്പര്യമുള്ള രാജ്യങ്ങളാണ്. അതിനാല്‍ തന്നെ പൊതുവേദിയിലും സ്വകാര്യസംഭാഷണങ്ങളിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മതസ്വാതന്ത്ര്യം സംബന്ധിച്ച പ്രശ്നങ്ങള്‍ ഉന്നയിക്കും.’ ഉദ്യോഗസ്ഥന് അറിയിച്ചു.മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ഇന്ത്യ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതീക്ഷയില്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്ന് മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.
മതസ്വാതന്ത്ര്യം, മതന്യൂനപക്ഷങ്ങളോടുള്ള ബഹുമാനം, എല്ലാ മതങ്ങളെയും തുല്യതയോടെ കണക്കാക്കല്‍ എന്നിവയെല്ലാം ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളതാണെന്നും ഉദ്യോസ്ഥന് പറഞ്ഞു. ലോകത്തെ നാല് പ്രധാന മതങ്ങളുടെ ഉത്ഭവസ്ഥലമാണ് ഇന്ത്യ എന്നും പ്രതിനിധി ചൂണ്ടിക്കാട്ടി.
‘തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആദ്യ പ്രസംഗത്തില്‍ തന്നെ മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എല്ലാ മതങ്ങള്‍ക്കും തുല്യതയും സ്വാതന്ത്ര്യവും ഇന്ത്യ ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.’ വാഷിംഗടണ്‍ പ്രതിനിധി പറഞ്ഞു.
അമേരിക്കയുമായി വ്യാപാരകരാറുകള്‍ ഒപ്പുവെക്കുമെന്നാണ് പറഞ്ഞിരുന്നെങ്കിലും അത്തരത്തിലുള്ള നടപടികള്‍ ഈ സന്ദര്‍ശനത്തില്‍ ഉണ്ടാകില്ലെന്ന് ട്രംപ് അറിയിച്ചിരുന്നു. അമേരിക്കയോടുള്ള ഇന്ത്യന്‍ സമീപനം മികച്ച രീതിയിലല്ല എന്ന് ട്രംപ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ തീരുവ നിയമങ്ങളിലെ എതിര്‍പ്പും ട്രംപ് അടുത്ത ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റായ ശേഷം ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. അഹമ്മദാബാദില്‍ ട്രംപ് എത്തുന്നതിന്റെ ഭാഗമായി ചേരികള്‍ മറച്ചുകെട്ടി മതില് പണിതതും നിവാസികളോട് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയതിനും എതിരെ വലിയ എതിര്‍പ്പുകളാണ് രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.