നാട്ടുവൈദ്യനും ചികിത്സയ്ക്കായി എത്തിയയാളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് വീട്ടിൽ
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ രണ്ടുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. കാഞ്ഞിരപ്പുഴ കാഞ്ഞിരം കാണിവായിൽ നാട്ടുവൈദ്യനായ കുറുമ്പൻ (64), കരിമ്പുഴ കുലുക്കിലിയാട് സ്വദേശി ബാലു (45) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് ഇരുവരെയും കുറുമ്പന്റെ വീട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാഞ്ഞിരപ്പുഴയിലെ വീട്ടിൽ വർഷങ്ങളായി നാട്ടുവൈദ്യം ചെയ്തുവരികയായിരുന്നു കുറുമ്പൻ. ബാലു ഇവിടെ ചികിത്സയ്ക്കായി എത്തിയതാണെന്നാണ് പറയപ്പെടുന്നത്. കുറുമ്പനെ വീടിനകത്തും ബാലുവിനെ വീടിന് പുറത്തുമാണ് അവശനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനുശേഷം പോസ്റ്റുമോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.