മിക്സിക്കുള്ളിലും മലദ്വാരത്തിലും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്;കാസർകോട് സ്വദേശി അടക്കം രണ്ടു പേർ പിടിയിൽ
കോഴിക്കോട് : മിക്സർ ഗ്രൈൻഡറിൻ്റെ കപ്പാസിറ്ററിനുള്ളിൽ വച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി കാസർകോട് സ്വദേശിയും മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണ്ണ മിശ്രിതവുമായി മലപ്പുറം സ്വദേശിയും കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ.
ദുബായിൽ നിന്ന് ഐഎക്സ് 346 വിമാനത്തിൽ എത്തിയ കാസർകോട് തെക്കിൽ സ്വദേശി മുഹമ്മദ് ജവാദ് (28)ൽ നിന്നാണ് മിക്സർ ഗ്രൈൻഡറിന്റെ കപ്പാസിറ്റർ കെയ്സിനുള്ളിൽ ഒളിപ്പിച്ച 180 ഗ്രാം സിലിണ്ടർ ആകൃതിയിലുള്ള സ്വർണക്കഷണം കണ്ടെടുത്തത്.റീ- എക്സ്റേയിലെ സംശയാസ്പദമായ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ചെക്ക് ഇൻ ബാഗേജ് തുറന്ന് പരിശോധിച്ചതിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.പിടികൂടിയ സ്വർണ്ണത്തിന് 11 ലക്ഷം വിപണി മൂല്യം വരുമെന്ന് കസ്റ്റംസ് അറിയിച്ചു. ഇയാൾക്ക് പുറമെ റാസൽഖൈമയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 332 വിമാനത്തിൽ എത്തിയ മലപ്പുറം കുന്നപ്പള്ളി സ്വദേശി മുഹമ്മദ് അനീസ് മീമ്പിടി (43) എന്ന യാത്രക്കാരനിൽ നിന്നും ഒരു കിലോയോളം സ്വർണ്ണ മിശ്രിതം പിടികൂടി. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ശരീരത്തിനുള്ളിൽ മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ 983 ഗ്രാം തൂക്കമുള്ള 3 സ്വർണ്ണ മിശ്രിത ക്യാപ്സ്യൂളുകൾ കണ്ടെടുത്തത്.57 ലക്ഷം രൂപ വില മതിക്കുന്നതാണ് സ്വർണ്ണമെന്ന് കസ്റ്റംസ് അറിയിച്ചു.ഇരുവർക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്.