ദേശീയപാതയിൽ വാഹന പരിശോധനക്കിടെ കാറിൽ വെട്ടിച്ച് കടന്നു, പിന്തുടർന്ന് പൊലീസ്, മുഹമ്മദിനെയും മുബഷീറിനെയും കൈയോടെ പിടികൂടിയത് ബാറിൽ നിന്ന്
അടിമാലി: നൂറ് കിലോയാളം ചന്ദനവുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ അടിമാലിയിൽ പിടിയിൽ. പാണക്കാട് പെരിയാങ്കൽ റിയാസ് പി. മുഹമ്മദ്(28), തീയാൻഹൗസിൽ മുബഷീർ(25) എന്നിവരെയാണ് അടിമാലി ട്രാഫിക് പൊലീസും സംഘവും അറസ്റ്റ് ചെയ്ത് മച്ചിപ്ലാവ് വനംവകുപ്പിന് കൈമാറിയത്. ഇവരിൽ നിന്ന് 56 വലിയ കഷണങ്ങളും വെട്ടുപൂളുകളും അടക്കം 4 ചാക്കുകളിലായി ആകെ 100 കിലോയോളം തൂക്കം വരുന്ന ചന്ദനമാണ് പിടികൂടിയത്. വാഹനത്തിന്റെ ഡിക്കിയിൽ സൂക്ഷിച്ച് നിലയിലാണ് ഇവ കണ്ടെത്തിയത്.
അടിമാലി ട്രാഫിക് പൊലീസ് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കൂമ്പൻപാറയ്ക്ക് സമീപം ഇന്നലെ വൈകിട്ട് ആറ് മണിയോടെ വാഹന പരിശോധന നടത്തുന്നതിനിടെ കൈകാണിച്ചപ്പോൾ ഇവരുടെ വാഹനം നിറുത്താതെ പോവുകയായിരുന്നു. തുടർന്ന് അടിമാലി പൊലീസ് സെൻട്രൽ ജംഗ്ഷനിൽ വച്ച് വാഹനം പിടികൂടി. എന്നാൽ സെൻട്രൽ ജങ്ഷനിൽ നിന്ന് നിറുത്താതെ ബസ് സ്റ്റാൻഡ് വഴി പോയി ബാർ ഹോട്ടലിൽ പാർക്ക് ചെയ്ത് ഇരുവരും ബാറിൽ പ്രവേശിക്കുകയായിരുന്നു.
പിന്തുടർന്ന് എത്തിയ ട്രാഫിക് പൊലീസ് ഇരുവരേയും വാഹനവും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവർക്ക് മറയൂരിൽ നിന്നുള്ള ഹനീഫ എന്നയാൾ മൂന്നാറിൽ വെച്ച് ചന്ദനം കൈമാറിയെന്നാണ് മൊഴി. ഇവർ ചന്ദനവുമായി മലപ്പുറത്തേക്ക് പോകുംവഴിയാണ് പൊലീസ് പിടികൂടിയത്. ഇവർ ഏജന്റായി പ്രവർത്തിക്കുകയായിരുന്നെന്നാണ് വിവരം. അടിമാലി ട്രാഫിക് എസ്.ഐ താജുദ്ദീൻ അഹമ്മദ്, എസ്.ഐ ഷാജി മാത്യു, സി.പി.ഒമാരായ ബിജു സി.കെ, അൻസിൽ പി.എ, അസറുദ്ദീൻ എം.യു. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.