ഹോട്ടൽ ഉടമയെ വെട്ടി പരിക്കേൽപ്പിച്ച ആറംഗ സംഘത്തിലെ നാലു പേർ പിടിയിൽ
തിരുവനന്തപുരം: ഹോട്ടൽ ഉടമയെ വെട്ടി പരിക്കേൽപ്പിച്ച ആറംഗ സംഘത്തിലെ 4 പേർ പിടിയിൽ. വർക്കല ആർ ടി ഒ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന സംസം ഹോട്ടൽ ഉടമ നൗഷാദി(47) നാണ് വെട്ടേറ്റത്. ഇക്കഴിഞ്ഞ ഡിസംബര്‍ 17 ന് രാത്രിയിലാണ് ആറംഗ സംഘം ആക്രമിച്ചത്.
സംഭവത്തിൽ വെട്ടൂർ സ്വദേശി റിക്കാസ് മോൻ, കോരാണി സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന ബിജു, പാലച്ചിറ സ്വദേശി കിട്ടൂസ്, ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന ശ്രീജിത്ത് എന്നിവരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ നൗഷാദിന്റെ ഹോട്ടലിൽ നിന്നും സംഭവം നടക്കുന്നതിന് തലേന്ന് ഭക്ഷണം പാർസൽ വാങ്ങിയിരുന്നു. ഓർഡർ ചെയ്ത എല്ലാ സാധനങ്ങളും പാർസലിൽ ഉൾപ്പെടുത്തിയില്ല എന്നാരോപിച്ച് ഹോട്ടലിൽ എത്തിയ ഇവർ നൗഷാദുമായി വഴക്കിട്ടിരുന്നു. തുടർന്ന് ഹോട്ടൽ അടയ്ക്കുന്ന സമയത്ത് ഹോട്ടലിൽ വീണ്ടുമെത്തി അസഭ്യം വിളിക്കുകയും മർദ്ദിക്കുകയും ചെയ്തു.
പൊലീസിൽ വിവരമറിയിക്കാൻ ശ്രമിച്ചപ്പോൾ നൗഷാദിന്റെ മൊബൈൽ ഇവർ പിടിച്ചു വാങ്ങുകയും വീണ്ടും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ കയ്യിൽ കരുതിയിരുന്ന ഒന്നര അടി നീളമുള്ള ഇരുതല മൂർച്ചയുള്ള വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. പരിക്കേറ്റ നൗഷാദ് ചികിത്സയിലാണ്. ഒളിവിലായിരുന്ന പ്രതികളിൽ 4 പേരെയാണ് ഇപ്പോൾ പിടികൂടിയിട്ടുള്ളത്. 2 പേർ ഇപ്പോഴും ഒളിവിലാണ്.