10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊന്നു; എല്ലും തോലുമായി മൃതദേഹം; ഇന്ത്യക്കാരിക്കെതിരെ കൊലക്കുറ്റം ചുമത്തി
അമേരിക്കയിൽ 10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി. നോർത്ത് കരോലിനയിലാണ്
ദാരുണമായ സംഭവം നടന്നത്. കണ്ട്രോൾ റൂമിലേക്കെത്തിയ വിവരത്തെ തുടർന്ന് പൊലീസ്
ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ ഇന്ത്യക്കാരിയായ പ്രിയങ്ക തിവാരി (33)യെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 5.30 ഓടെയാണ് കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ
കണ്ടെത്തുന്നത്. പ്രിയങ്ക തന്നെയാണ് പൊലീസ് കണ്ട്രോൾ റൂമിൽ വിളിച്ച് ഇക്കാര്യം അറിയിച്ചത്.
തന്റെ മകൻ അബോധാവസ്ഥയിലായെന്നും പ്രതികരിക്കുന്നില്ലെന്നുമാണ് അവർ അറിയിച്ചത്.
ഉടനെ പൊലീസും ഡോക്ടമാരുടെ സംഘവും സ്ഥലത്തെത്തി സിപിആർ അടക്കമുള്ള ചികിത്സ
നൽകിയെങ്കിലും കുട്ടി മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മകൻ ഏറെ
നാളുകളായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ മനസിലാക്കുന്നത്. കുട്ടിയുടെ ശരീരം ഭാരം
കുറഞ്ഞ് എല്ലും തോലുമായ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജനുവരി 11ന് പ്രിയങ്ക
തിവാരിയെ കോടതിയിൽ ഹാജരാക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ
കുട്ടിയുടെ മരണം സംഭവിച്ച് വിശദവിവരങ്ങൾ പുറത്തുവരൂ. കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരൻ
ആരോഗ്യവകുപ്പ് അധികൃതരുടെ സംരക്ഷണയിലാണ്. 10 വയസുകാരന്റെ മരണം
ഞെട്ടിപ്പിക്കുന്നതാണെന്നാണ് അയൽവാസികൾ പ്രതികരിച്ചത്. മരണപ്പെട്ട കുട്ടിയെ ഏറെ
നാളായി വീടിന് പുറത്ത് കാണാറില്ലന്നാണ് അയൽവാസികൾ പൊലീസിന് നൽകിയ മൊഴി.
പ്രിയങ്കയുടെ ബന്ധുക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവിനെക്കുറിച്ചും
പൊലീസ് അന്വേഷണം തുടങ്ങി.