ചാലക്കുടിയില്‍ പോലീസ് ജീപ്പ് തല്ലിത്തകര്‍ത്ത സംഭവം: എസ്.എഫ്.ഐ.വനിതാനേതാവടക്കം മൂന്നുപേര്‍ കൂടി അറസ്റ്റില്‍
ചാലക്കുടി: സര്‍ക്കാര്‍ ഐ.ടി.ഐ.യ്ക്ക് സമീപം വെള്ളിയാഴ്ച പോലീസ് ജീപ്പ് തല്ലിത്തകര്‍ത്ത കേസില്‍ അറസ്റ്റിലായ എട്ട് പ്രതികളെയും ചാലക്കുടി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. എസ്.എഫ്.ഐ. വനിതാനേതാവടക്കം മൂന്നുപേരാണ് ഞായറാഴ്ച അറസ്റ്റിലായത്.
അലവി സെന്റര്‍ സ്വദേശി അഫ്സല് (25), കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ഥിനിയും മോതിരക്കണ്ണി സ്വദേശിനിയുമായ സാന്ദ്ര ബോസ് (22), പടിഞ്ഞാറെ ചാലക്കുടി സ്വദേശി നിര്‍മല്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
എസ്.എഫ്.ഐ. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ് സാന്ദ്ര ബോസ്. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് നിധിന് പുല്ലനു(30)ള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. ഐ.ടി.ഐ.യിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് പോലീസ് ജീപ്പ് തല്ലിത്തകര്ക്കുന്നതിലേക്കെത്തിയത്.