കേരള ഫുട്ബാൾ താരവും പരിശീലകനുമായിരുന്ന ടി എ ജാഫർ അന്തരിച്ചു
മട്ടാഞ്ചേരി: കളിക്കാരനായും കോച്ചായും സന്തോഷ് ട്രോഫിയിൽ മുത്തമിട്ട പോയകാലത്തിന്റെ സൂപ്പർ ഫുട്ബാൾ താരം ഫോർട്ട്കൊച്ചി തൊണ്ടുപറമ്പിൽ ടി.എ ജാഫർ (79) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 1973ൽ കേരള ടീം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയപ്പോൾ ടി.കെ.എസ് മണി നയിച്ച ടീമിന്റെ വൈസ് ക്യാപ്ടനായിരുന്നു ടി.എ ജാഫർ. 1992, 93 വർഷങ്ങളിൽ സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്നു.
1973 ഡിസംബർ 27നാണ് കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ റെയിൽവേയ്സിനെ തോൽപ്പിച്ച് കേരളം ആദ്യമായി സന്തോഷ് ട്രോഫി സ്വന്തമാക്കിയത്. ആ നേട്ടത്തിന്റെ 50-ാം വാർഷിക ആഘോഷങ്ങൾ നടന്നുവരുന്നതിനിടെയാണ് ജാഫർ ലോകത്തോട് വിടപറഞ്ഞത്.ഈ മാസമാദ്യം സന്തോഷ് ട്രോഫി നേടിയ ടീമിലെ ജീവിച്ചിരിക്കുന്ന താരങ്ങൾ കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ ഒത്തുകൂടിയിരുന്നു. നാളെ ഈ സംഘത്തെ ആദരിക്കുന്നതിനായി കൊച്ചിൻ നഗരസഭ മറ്റൊരു ചടങ്ങ് നിശ്ചയിച്ചിരിക്കുകയാണ്.
കേരളത്തിലെ എണ്ണം പറഞ്ഞ ടൂർണമെന്റുകളിൽ മിന്നുന്ന പ്രകടനം നടത്തി കളിയാരാധകരുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് ജാഫർ. കളിക്കാലം കഴിഞ്ഞ് പരിശീലകനായി വേഷമിട്ടപ്പോഴും വിജയങ്ങൾ അദ്ദേഹത്തിനൊപ്പം നിന്നു. 1988ലാണ് കേരള സ്പോർട്സ് കൗൺസിലിൽ പരിശീലകനായി ചേർന്നത് . ഐ.എം വിജയനും ജോ പോൾ അഞ്ചേരിയും പാപ്പച്ചനും ഇഗ്നേഷ്യസുമൊക്കെ കളിച്ച 90കളുടെ തുടക്കത്തിൽ പരിശീലകനായിറങ്ങി കേരളത്തെ സന്തോഷ് ട്രോഫിയിൽ ചാമ്പ്യന്മാരാക്കി ചരിത്രമെഴുതി. ഭാര്യ: സഫിയ. മക്കൾ: ബൈജു, സൻജു, റൺജു. മരുമക്കൾ: നിതാസ്, റഹന, സുൽഫീന.