ബൈക്കുകൾ കൂട്ടിയിടിച്ചു, പിന്നിലിരുന്ന യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം:തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടക്കേ ആലപ്പുഴ തണ്ണീർമുക്കം ചെറുവാരണം നെടുമംഗലത്ത് ഉണ്ണിക്കുട്ടൻ (33) ആണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേർക്ക് സാരമായി പരിക്കേറ്റു.
ഇന്നലെ രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്സ് കോളേജിന് മുൻപിലാണ് അപകടം നടന്നത്. എതിർ ദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സിനിമ കണ്ടു മടങ്ങുകയായിരുന്ന ഉണ്ണിക്കുട്ടനും സുഹൃത്ത് പ്രിൻസും സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
സംഭവ സമയത്ത് പ്രിൻസ് ആണ് വാഹനം ഓടിച്ചിരുന്നത്. റോഡിലേക്ക് തെറിച്ച് വീണ ഉണ്ണിക്കുട്ടന് സാരമായ പരിക്കുപറ്റിയിരുന്നു. പരിക്കേറ്റവരെ ഉടൻ കഴക്കൂട്ടം പൊലീസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉണ്ണിക്കുട്ടന് പുലർച്ചയോടെ മരിച്ചു. കഴക്കൂട്ടം കിൻഫ്രയിലെ സ്വകാര്യ ഐസ്ക്രീം കമ്പനിയിലെ സീനിയർ അക്കൗണ്ടൻറ് ആണ് ഉണ്ണിക്കുട്ടൻ. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം വൈകിട്ട് ആറ് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.