സ്റ്റീല്‍ മേശയില്‍ രഹസ്യ അറ, കൊറിയർ വഴി ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് മരുന്ന് കടത്ത്, സംഘം പിടിയിൽ
മുംബൈ: ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള മരുന്ന് കടത്ത് പിടികൂടി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ഓസ്ട്രേലിയയിലേക്ക് കൊറിയര്‍ ചെയ്ത സ്റ്റീല്‍ മേശയ്ക്കകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മരുന്നുകള്‍. ലഹരിമരുന്നായി ദുരുപയോഗം ചെയ്യുന്ന മരുന്നുകളാണ് പിടികൂടിയത്. മൂന്ന് കോടി രൂപയുടെ മരുന്നുകളാണ് പിടിച്ചെടുത്തത്.
ഒരു മരുന്ന് 9.87 കിലോഗ്രാം ഉണ്ടായിരുന്നു. മറ്റ് രണ്ട് ഗുളികകള്‍ 18700, 9800 എണ്ണം ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ അനധികൃതമായി കടത്തുന്ന സംഘത്തെ കുറിച്ച് ലഭിച്ച ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്.
ഒരു അന്താരാഷ്ട്ര കൊറിയർ വഴിയാണ് ഓസ്ട്രേലിയയിലേക്ക് മരുന്ന് കടത്തിയിരുന്നത്. ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ളവയ്ക്കുള്ളില്‍ രഹസ്യ അറകളുണ്ടാക്കി അതിലാണ് മരുന്ന് ഒളിപ്പിച്ച് കടത്തിയിരുന്നത്. ഒറ്റ നോട്ടത്തില്‍ ഒരു സംശയവും തോന്നില്ല. കഴിഞ്ഞ ദിവസം സംശയം തോന്നി മേശ വിശദമായി പരിശോധിച്ചപ്പോഴാണ് ഇത്രയധികം മരുന്നുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
വി സിംഗ് എന്നയാളെയാണ് ആദ്യം പിടികൂടിയത്. ഡിസംബര്‍ 19നായിരുന്നു ഇത്. ഇയാളെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂട്ടാളികളായ ജി മിശ്ര, പി ശര്‍മ എന്നിവരെ കൂടി അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും മരുന്ന് കടത്ത് റാക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി എന്‍സിബി അറിയിച്ചു. ഇവരുടെ താമസ സ്ഥലത്ത് മരുന്നുകളുടെ ഒരു വലിയ ശേഖരം കണ്ടെത്തി. പ്രതികള്‍ കഴിഞ്ഞ 2-3 വർഷമായി രേഖകൾ ദുരുപയോഗം ചെയ്ത് ഈ അനധികൃത കയറ്റുമതി നടത്തുകയായിരുന്നുവെന്ന് എന്‍സിബി അറിയിച്ചു.