സൗദിയില്‍ തുറമുഖങ്ങള്‍ വഴി ലഹരിമരുന്ന് കടത്ത്; പിടികൂടിയത് 117,000 ലഹരി ഗുളികകള്‍
റിയാദ്: സൗദി അറേബ്യയിലെ തുറമുഖങ്ങള്‍ വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. അല്‍ ഹദീത, അല്‍ ബത്ത തുറമുഖങ്ങള്‍ വഴിയുള്ള ലഹരിമരുന്ന് കടത്താണ് കസ്റ്റംസ് സംഘം പരാജയപ്പെടുത്തിയത്.
117,000 ക്യാപ്റ്റഗണ്‍ ഗുളികകളും 6,000 ഗ്രാമിലേറെ ഷാബുവും പിടിച്ചെടുത്തതായി സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് എത്തിയ രണ്ട് ട്രക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. ഒരു ട്രക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് 117,210 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെത്തിയത്. അല്‍ ബത്തയില്‍ മറ്റൊരു സംഭവത്തില്‍ ട്രക്കില്‍ അഗ്നിശമന ഉപകരണത്തിനുള്ളിലാണ് 6,170 ഗ്രാം ഷാബു ഒളിപ്പിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
കള്ളക്കടത്ത് ചെറുക്കുന്നതിനുള്ള പൊതുജന സഹകരണം അതോറിറ്റി അഭ്യർഥിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷാ നമ്പർ (1910), ഇമെയിൽ (1910@zatca.gov.sa), അല്ലെങ്കിൽ രാജ്യാന്തര നമ്പർ (+966 114208417) വഴി കള്ളക്കടത്ത് പ്രവർത്തനങ്ങൾ അറിയിക്കാം.