കണ്ണൂരിൽ ജലവൈദ്യുതി നിലയം തകർക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി; കാവൽ ശക്തമാക്കി പൊലീസ്; ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നു
കണ്ണൂർ: കണ്ണൂർ ജില്ലയിൽ കെ.എസ്.ഇ.ബി ഉടമസ്ഥതയിലുളള ജലവൈദ്യുത പദ്ധതി തകർക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. കണ്ണൂർ ജില്ലയിലെ ഏകവൈദ്യുതി നിലയമാണ് ഇരിട്ടി അയ്യൻകുന്നിലെ ബാരാപോൾ.വയനാട്ടിൽ നിന്നും നേരത്തെ പിടിയിലായ മാവോയിസ്റ്റ് പ്രവർത്തകരിൽ നിന്നാണ് ബാരാപോൾ പദ്ധതി തകർക്കുന്നതിനെ കുറിച്ചു പദ്ധതിയിട്ടതായുളള വിവരം പൊലിസിന് ലഭിച്ചത്. ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് അയ്യൻകുന്നിൽ സ്ഥിരം സാന്നിധ്യമായ മാവോയിസ്റ്റുകളെകുറിച്ചുളള വിവരങ്ങൾ ലഭിച്ചത്. ബാരാപോൾ തർക്കപ്പെടുകയാണെങ്കിൽ സർക്കാരിന് കോടികളുടെ നഷ്ടംതന്നെയുണ്ടാകും. അതുകൊണ്ടു തന്നെ മാസങ്ങൾക്ക് മുൻപ് ബാരാപോൾ പദ്ധതി പ്രദേശത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതുകൂടാതെ സന്ദർശകർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തണ്ടർ ബോൾട്ട് സുരക്ഷയും ബാരാപോളിലുണ്ട്. പ്രവേശനകവാടത്തിൽ സുരക്ഷയുടെ ഭാഗമായി 21- നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ നിലമ്പൂരിൽ മാവോയിസ്റ്റുകളായ കുപ്പു ദേവരാജനെയും അജിതയെയും വെടിവെച്ചു കൊന്നതിന് പ്രതികാരമായി ബാരാപോൾ തകർക്കുമെന്ന് മാവോയിസ്റ്റുകൾ അമ്പായത്തോട്ടിൽ പതിച്ച പോസ്റ്ററുകളിൽ മുന്നറിയിപ്പു നൽകിയിരുന്നു. ഇതുസംഭവിക്കാൻ സാധ്യതയുണ്ടെന്ന പൊലിസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി.ഐ.ജി ജിജി തോംസൺ, കണ്ണൂർ റൂറൽ എസ്.പി ഹേമലത, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ. എസ്.പി പി.വേണുഗോപാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാരാപോളിൽ പരിശോധനയ്ക്കുത്തിയത്.