കുടുംബപ്രശ്നം; അമ്മ കൈകുഞ്ഞുമായി പോയത് ട്രെയിനിന് മുന്നിൽ; ആത്മഹത്യയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി പൊലീസ്
കാസർകോട്: കുടുംബപ്രശ്നത്തെ തുടർന്ന് ഒരു അമ്മ കൈകുഞ്ഞുങ്ങളുമായി പോയത് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ. പൊലീസിന്റെ അവസരോചിതമായ ഇടപെടൽ മൂലം ഈ കുടുംബം തിരികെ ജീവിതത്തിലേക്ക്. നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് യുവതി കൈക്കുഞ്ഞുങ്ങളുമായി ആത്മഹത്യചെയ്യാനെത്തിയത്. പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയാണ് കുടുംബപ്രശ്നത്തെ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിയത്. ഓട്ടോയിൽ ഇവർ റെയിൽവേ സ്റ്റേഷന് സമീപത്ത് എത്തുകയായിരുന്നു. കുട്ടികളുടെ കരച്ചിലും യുവതിയുടെ പെരുമാറ്റവും കണ്ട ഓട്ടോ ഡ്രൈവർ ഇക്കാര്യം ഉടൻ പൊലീസിനെ അറിയിച്ചു. അപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സബ് ഇൻസ്പെക്ടർ വിശാഖ് ടി വിനോദ് കുമാറും. ഉദ്യോഗസ്ഥരായ ആനന്ദ കൃഷ്ണൻ, അജിത്ത് കുമാർ ജയേഷ്, ഹോംഗാർഡ് പ്രവീൺ എന്നവരും ചേർന്ന് പേരാലിലും നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും റെയിൽവേ ട്രാക്കുകളിലും പരിശോധന നടത്തി. അപ്പോഴാണ് റെയിൽവേ സ്റ്റേഷനിൽ അൽപം നിന്നും മാറി ട്രാക്കിൽ ആത്മഹത്യക്കായി കൈക്കുഞ്ഞിനെ മാറിൽ ചേർത്തുപിടിച്ചും മറ്റേ കുഞ്ഞിനെ ചേർത്തുരുത്തിയും കരഞ്ഞു കൊണ്ട് ഇരിക്കുന്നത് കണ്ടത്. ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ച് അവരെ സ്റ്റേഷനിലെത്തിച്ചു. ആത്മഹത്യ ശ്രമത്തിൽ നിന്ന് പറഞ്ഞ് പിന്തിരിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതിന്റെ ചാരിദാർത്ഥ്യത്തിലാണ് നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.