ആലപ്പുഴ: ടി.പി സെന്‍കുമാറിന് എന്‍.ഡി.എയുമായി ബന്ധമില്ലെന്നും ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടാല്‍ സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് സ്ഥാനത്ത് നിന്നും നീക്കുന്ന കാര്യം പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്. വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിമായി നടത്തിയ ചര്‍ച്ചയിലാണ് വി മുരളീധരന് ബി.ജെ.പിയുടെ നിലപാട് വ്യക്തമാക്കിയത്.
ബി.ഡി.ജെ.എസില്‍ രൂക്ഷമായ ആഭ്യന്തര തര്‍ക്കം നടക്കുന്നതിനിടയിലാണ് മുരളീധരന്റെ പ്രസ്താവന. സുഭാഷ് വാസുവിനെയും ടി പി സെന്‍കുമാറിനെയും പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ മുരളീധരന്, തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ളല ബി.ഡി.ജെ.എസ് തന്നെയാണ് എന്‍.ഡി.എ സഖ്യകക്ഷിയെന്ന് പ്രഖ്യാപിച്ചു. ബി.ഡി.ജെ.എസിന്റെ നേതൃത്വം സംബന്ധിച്ച് എന്‍.ഡി.എയില്‍ യാതൊരു സംശയവുമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനം ബി.ഡി.ജെ.എസിന് നല്‍കിയതാണെന്നും അതിനാല്‍ ബി.ഡി.ജെ.എസ് കത്ത് നല്കിയാല് ആ സ്ഥാനത്ത് നിന്നും സുഭാഷ് വാസുവിനെ മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും മുരളീധരന് അറിയിച്ചു.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തിയാണ് മുരളീധരന് ചര്‍ച്ച നടത്തിയത്. വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമായി നടത്തിയ ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടു.