നോ ഹെൽമറ്റ്, റെഡ് ലൈറ്റിലും നിർത്തില്ല, 643 നിയമലംഘനങ്ങൾ, 3.24 ലക്ഷം രൂപ പിഴ; സ്കൂട്ടർ യാത്രികനെ തേടി പൊലീസ്!
ബെംഗളൂരു: ഹെൽമറ്റ് ധരിക്കാതെയും സിഗ്നൽ പാലിക്കാതെയും 643 ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ സ്കൂട്ടർ യാത്രക്കാരന് ബെംഗളൂരു നഗരത്തിലെ ട്രാഫിക് പൊലീസ് 3.24 ലക്ഷം രൂപ പിഴ ചുമത്തി. KA 04 KF 9072 എന്ന നമ്പരിലുള്ള സ്കൂട്ടർ, മാല എന്ന വ്യക്തിയുടെ പേരിലാണ് പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ യാത്രികന്റെ നിയമലംഘനങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആർടി നഗർ ട്രാഫിക് പോലീസ് പരിധിയിലാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്കൂട്ടർ ഓടിച്ചയാൾ തന്നെയാണോ വാഹനത്തിന്റെ ഉടമ എന്നറിയില്ലെന്നും സ്കൂട്ടറിനും ഉടമക്കും വേണ്ടിയുള്ള അന്വേഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. സ്കൂട്ടറിന് ഏകദേശം 20,000-30,000 രൂപയോളം വിലവരും. റൈഡറുടെ ആവർത്തിച്ചുള്ള നിയമലംഘനങ്ങളാണ് വലിയ പിഴത്തുകക്ക് കാരണം. ഹെൽമെറ്റ് ധരിക്കാത്തതിന് ഡിസംബർ 18 ന് മാത്രം നാല് തവണയാണ് ഇയാൾക്ക് പിഴ ചുമത്തപ്പെട്ടത്. എന്നാൽ അതൊന്നും ഇയാളെ ബാധിക്കുന്നേയില്ല.