സഹകരണ ബാങ്കിനെതിരെ നൽകിയ പരാതി പൂഴ്ത്തിയെന്നാരോപണം:മൊട്ടയടിച്ച് പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ് നേതാവ്
കാസർകോട്: ഹൊസൂർഗ് സഹകരണ ബാങ്കിനെതിരെ നൽകിയ പരാതി പൂഴ്ത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച് സഹകരണ രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ പ്രവാസി കോൺഗ്രസ് നേതാവ് മൊട്ടയടിച്ച് പ്രതിഷേധിച്ചു. അലാമി പള്ളി തെരുവത്തുള്ള ഓഫീസിന് മുന്നിലാണ് നാടകീയ സംഭവം. ജില്ല പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്താണ് മൊട്ടയടിച്ച് പ്രതിഷേധിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ബാർബർ തൊഴിലാളിയുമായെത്തിയാണ് തലമുണ്ഡനം ചെയ്തത്. ഹോസ്പുർഗ് ബാങ്കിൽ നടക്കുന്ന അഴിമതിക്ക് രജിസ്ട്രാർ ഓഫീസിലെ ചില ജീവനക്കാർ കൂട്ടുനിൽക്കുന്നെന്നാരോപിച്ചാണ് പ്രതിഷേധിച്ചത്. സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ പത്മരാജൻ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്.