അനാശാസ്യ പ്രവൃത്തിക്ക് സമ്മതിച്ചില്ല; വിദ്യാർത്ഥിയെ കുത്തിക്കൊന്ന കാസർകോട് സ്വദേശിക്ക് ജീവപര്യന്തം തടവ്
കോഴിക്കോട്: അനാശാസ്യ പ്രവൃത്തിക്ക് തയ്യാറാകാത്ത 13 വയസ്സുകാരനെ കുത്തിക്കൊന്ന കേസിൽ പ്രതിയായ കാസർകോട് സ്വദേശിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ചുമത്തി. ബോവിക്കാനം മൂലടുക്കം സ്വദേശി ഷംസുദ്ദീനെയാണ് (39) കോഴിക്കോട് പോക്സോ കോടതി ജഡ്ജി കെ. പ്രിയ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി അധിക തടവ് അനുഭവിക്കണം. 2017-ലാണ് കേസിനാസ്പദമായ സംഭവം. മടവൂർ സി.എം. സെന്ററിന് കീഴിലുള്ള ദവാകോളേജിലെ എട്ടാംക്ലാസ് വിദ്യാർഥി അബ്ദുൾ മജിദാണ് കോളേജ് കോമ്പൗണ്ടിൽ വെച്ച് കുത്തേറ്റുമരിച്ചത്. സിഎം സെന്ററിൽ സ്കൂൾ പഠനത്തോടൊപ്പം ജൂനിയർ ദവ കോളേജിൽ ശരീയത്ത് പഠനവും നടത്തുകയായിരുന്നു മജിദ്. കൊലപാതകം നടക്കുന്നതിന് ആറുമാസം മുമ്പാണ് ശംസുദ്ദീൻ നാടുവിട്ട് കോഴിക്കോട് എത്തിയത്.
അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ശംസുദ്ദീൻ ഒരു മാസത്തിലേറെ കോഴിക്കോട് മടവൂർ മഖാമിനടുത്തുള്ള കടവരാന്തയിലും മറ്റുമാണ് അന്തിയുറങ്ങിയത്. ജുലൈ 14 വെള്ളിയാഴ്ച രാവിലെ ആറു മുതൽ ഏഴു വരെയുള്ള മദ്രസാ പഠനം കഴിഞ്ഞ് മറ്റു കുട്ടികളോടൊപ്പം നിൽക്കുമ്പോഴാണ് മാജിദിനെ കാസർകോട് മുളിയാർ സ്വദേശി ഷംസുദ്ദീൻ കുത്തി പരിക്കേൽപ്പിച്ചത്. അതിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാർ പിടികൂടി കുന്നമംഗലം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മാജിദിനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വയറിന് മുകളിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. ഇതേ സ്ഥാപനത്തിലെ മറ്റ് രണ്ടുകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകളിലും ഷംസുദ്ദീനെ നാലുവർഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. സുനിൽ കുമാർ ഹാജരായി.