പാർട്ടിയ്ക്ക് തലവേദനയായി കെ സുധാകരന്റെ പ്രസ്താവനകൾ; എതിരാളികൾക്ക് സ്ഥിരമായി ആയുധം നൽകുന്നുവെന്ന് വിമർശനം
തിരുവനന്തപുരം: സർവകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തിൽ ഗവർണറെ അനുകൂലിച്ച് പ്രതികരിച്ചതിന് പിന്നാലെ വെട്ടിലായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സുധാകരനെതിരെ പാർട്ടിയിൽ അമർഷം പുകയുകയാണ്. സുധാകരന്റെ നിരന്തരമുള്ള വിവാദ പ്രസ്താവനകൾ കോൺഗ്രസിനെ വെട്ടിലാക്കുന്നുവെന്നാണ് നേതാക്കളുടെ പരാതി.
എതിരാളികൾക്ക് സ്ഥിരമായി ആയുധം നൽകുകയാണ് സുധാകരൻ. പ്രസ്താവന തിരുത്തിയെങ്കിലും സംഘപരിവാർ അനുകൂല പരാമർശം ക്ഷീണമായെന്നും നേതാക്കൾ വിലയിരുത്തുന്നു. സുധാകരന് ചികിത്സാർത്ഥം അവധി നൽകി പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷ പദത്തിൽ താത്കാലിക നേതൃത്വം വരണമെന്നും പാർട്ടിയിൽ ആവശ്യം ഉയരുന്നുണ്ട്.
യോഗ്യതയുള്ള സംഘപരിവാർ അനുകൂലികളെ സെനറ്റിൽ നാമനിർദേശം ചെയ്യുന്നതിനെ എതിർക്കുന്നില്ലെന്നാണ് കഴിഞ്ഞദിവസം സുധാകരൻ പറഞ്ഞത്. സംഘപരിവാർ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമാണ്. അവരെ സംഘപരിവാർ അനുകൂലികൾ മാത്രമായതുകൊണ്ട് എതിർക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു സുധാകരന്റെ പ്രതികരണം.
‘അക്കാദമീഷ്യന്റെ യോഗ്യത മാനിച്ച് ഗവർണർ ചെയ്യുന്ന കാര്യത്തെ ഞങ്ങൾ എന്തിന് വിമർശിക്കണം. സംഘപരിവാർ അനുകൂലികൾ ഉൾപ്പെട്ടതിനെ എതിർക്കുന്നില്ല. അവരിൽ കൊള്ളാവുന്നവരുണ്ട്. അവരെ എടുക്കുന്നതിന് എന്താണ് തടസം. അവരെ എടുത്തോട്ടെ. സംഘപരിവാറിന്റെ ആളുകളെ മാത്രം വച്ചു പോകുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. സംഘപരിവാറില്‍ കൊള്ളാവുന്നവരുണ്ടെങ്കില്‍ അവരെ എങ്ങനെയാണ് എതിര്‍ക്കുക. കോൺഗ്രസിൽ എല്ലാവരെയും വയ്ക്കാൻ പറ്റില്ല.
ലിസ്റ്റിൽ കോൺഗ്രസ്, ലീഗ് അംഗങ്ങൾ ഉൾപ്പെട്ടത് എങ്ങനെയെന്നറിയില്ല. ലിസ്റ്റിലുള്ളവരുടെ യോഗ്യതകൾ പരിശോധിക്കുകയാണ്. അതിനായി കെപിസിസി ഒരു കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം അതിന്റെ റിപ്പോർട്ട് ലഭിക്കും’- എന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. സുധാകരന്റെ പരാമർശത്തെ ആയുധമാക്കി പിന്നാലെ സിപിഎം രംഗത്തുവന്നിരുന്നു. മന്ത്രിമാരായ കെ ബിന്ദു, എം ബി രാജേഷ് അടക്കമുള്ളവർ സുധാകരനെ വിമർശിച്ചു.