കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച ചെറുവത്തൂര്‍ വിജയ ബാങ്ക് കവർച്ചക്കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികള്‍ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ അപ്പീല്‍ ജില്ലാ കോടതി തള്ളി. കേസിലെ സൂത്രധാരന്‍ ബളാല്‍ കല്ലംചിറയിലെ അബ്ദുല്‍ ലത്വീഫ് (39), ബല്ലാ കടപ്പുറത്തെ മുബഷിര്‍ (21), ചെങ്കള നാലാംമൈലിലെ അബ്ദുല്‍ ഖാദര്‍ എന്ന മനാഫ് (30) എന്നിവര്‍ നല്കിയ അപ്പീലിലാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. 21.406 കിലോ സ്വര്‍ണവും 2,95,089 രൂപയുമാണ് കൊള്ളയടിച്ചത്. 2015 സെപ്തംബര്‍ 28ന് ബാങ്ക് തുറന്നപ്പോഴാണ് താഴത്തെ നിലയില്‍ വാടകയ്ക്കെടുത്ത കെട്ടിടമുറിയില്‍ നിന്നും ബാങ്കിലേക്ക് സീലിംഗ് തുരന്ന് കവര്‍ച്ച നടത്തിയതായി കണ്ടെത്തിയത്.
നേരത്തെ ഈ കേസില്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികളെ ഏഴു വകുപ്പുകളിലായി 22 വര്‍ഷം കഠിന തടവിനും 1.25 കോടി രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ഇതില്‍ മൂന്നു പ്രതികളാണ് ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കിയത്. പ്രതികളെല്ലാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഏഴുവര്‍ഷം തടവാണ് പ്രതികള്‍ അനുഭവിക്കേണ്ടത്.
മടിക്കേരി കുശാല്‍നഗര്‍ ബെത്തിന ഹള്ളിയിലെ എസ്. സുലൈമാന്‍ (45), നാലാം പ്രതി ഇടുക്കി രാജഗുടിയിലെ എം ജെ മുരളി (45) എന്നിവരാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി ജെ എം) കോടതി ശിക്ഷിച്ച മറ്റു പ്രതികള്‍. ഇവര്‍ അപ്പീല്‍ നല്‍കിയിരുന്നില്ല. കേസിലെ ആറാം പ്രതി മടിക്കേരി കുശാല്‍ നഗര്‍ ശാന്തിപ്പള്ളയിലെ അഷ്റഫിനെ (38) ഇതുവരെ പിടികിട്ടിയിട്ടില്ല. ഏഴാം പ്രതി മടിക്കേരി എര്‍മാടിലെ അബ്ദുല്‍ ഖാദറിനെ (48) സംശയത്തിന്റെ ആനുകൂല്യം നല്കി കോടതി വെറുതെവിട്ടിരുന്നു.
രണ്ടാം പ്രതി ലത്വീഫാണ് കേസിലെ സൂത്രധാരന്‍. മൂന്നാം പ്രതി മുബഷീറും കവര്‍ച്ചാ സംഘത്തില്‍ ഉള്‍പെട്ടയാളാണ്. അഞ്ചാം പ്രതി മനാഫ് മോഷ്ടിച്ച സ്വര്‍ണം ഒളിപ്പിക്കാനും പ്രതികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കാനും ശ്രമിച്ചതിനാണ് ശിക്ഷിക്കപ്പെട്ടത്. നഷ്ടപ്പെട്ട 22.406 കിലോ സ്വര്‍ണത്തില്‍ 17.718 കിലോ സ്വര്‍ണവും 55,000 രൂപയുമാണ് പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞത്. ഒളിവിലുള്ള പ്രതിയുടെ കൈവശമാണ് ബാക്കി സ്വര്‍ണമെന്നാണ് കരുതുന്നത്.