മഴക്കെടുതി ഒഴിയാതെ തമിഴ്നാട്;പത്തുമരണം,പലസ്ഥലങ്ങളും ഇപ്പോഴും വെള്ളത്തിനടിയിൽ
ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴയിൽ മതിലിടിഞ്ഞുവീണ് പത്ത് പേർക്ക് ദാരുണാന്ത്യം. മഴ തുടരുന്നതിനാൽ തിരുനെൽവേലി,തെങ്കാശി തുടങ്ങിയ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. തെക്കൻ ജില്ലകളിൽ ട്രെയിൻ ഗതാഗതം തടസപ്പെടുമെന്നും അധികൃതർ അറിയിച്ചു.റദ്ദാക്കിയ ട്രെയിനുകളുടെയും താമസിച്ചെത്തുന്ന ട്രെയിനുകളുടെയും വിവരങ്ങൾ റെയിൽവേ പുറത്തുവിട്ടിട്ടുണ്ട്, നാഗർകോവിൽ-കന്യാകുമാരി എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് പൂർണമായു റദ്ദാക്കി.
മരിച്ചവർ തിരുനെൽവേലി,തൂത്തുക്കുടി തുടങ്ങിയ ജില്ലകളിൽ നിന്നുളളവരാണെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ അറിയിച്ചു. മഴയിൽ മതിൽ ഇടിഞ്ഞുവീണും വൈദ്യുതാഘാതമേറ്റുമാണ് മരണങ്ങൾ സംഭവിച്ചതെന്നും ശിവദാസ് മീണ വ്യക്തമാക്കി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഇന്ത്യൻ ആർമിയുടെ പ്രത്യേക സംഘം ശ്രീവൈകുണ്ഠത്തിലെത്തിയിട്ടുണ്ട്, അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുകയും സംസ്ഥാനത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു. തമിഴ്നാട്ടിലെ തെക്കൻജില്ലകളിൽ പെയ്ത കനത്ത മഴയും ഉണ്ടായ നാശനഷ്ടങ്ങളും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും ജനങ്ങൾക്ക് ദുരിതാശ്വാസം നൽകുന്നതിനും സ്റ്റാലിൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
“അടിയന്തര സഹായമെന്ന നിലയിൽ ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് ഫണ്ട് ആവശ്യപ്പെടും. തമിഴ്നാട് തുടർച്ചയായി രണ്ട് ദുരന്തങ്ങൾ നേരിട്ടിട്ടുണ്ട്. എത്രയും വേഗം ഫണ്ട് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കും.” – എംകെ സ്റ്റാലിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.”സഹായമായി 7,300 കോടിയും ശാശ്വത സഹായമായി 12,000 കോടിയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് 6000 രൂപ ദുരിതാശ്വാസമായി പ്രഖ്യാപിച്ചിട്ടുണ്ട്. അത് വിതരണം ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിയിൽ നിന്ന് ദുരിതാശ്വാസ നിധി ലഭിച്ചാലേ പൂർത്തിയാക്കാനാകൂ.” – മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.