കെ.എം.സി.സി നേതാവ് യൂനുസ് കക്കാട്ട് മക്കയിൽ അന്തരിച്ചു.
മക്ക: ജുനൂബിയ കെ.എം.സി.സി നേതാവും ഹജ്ജ് സേവന രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന എറണാകുളം വാഴക്കാല സ്വദേശി യൂനുസ് കക്കാട്ട് മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ വെച്ച് മരിച്ചു.
ദിവസങ്ങൾക്ക് മുമ്പ് സുബഹി നമസ്കാരത്തിന് ശേഷം ഭാര്യയുമായി സംസാരിച്ചിരിക്കെ കുഴഞ്ഞു വീണ യൂനുസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ ഐസിയു വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
മക്ക കെ.എം.സി.സിയുടെ പ്രവർത്തന രംഗത്തും വർഷങ്ങളായി ഹജ്ജ് സേവന രംഗത്തും സജീവ സാന്നിധ്യമായിരുന്നു യൂനുസ് . മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ നഴ്സ് ആയി സേവനം ചെയ്യുന്ന ഭാര്യ ആരിഫയും മകൾ സഫയും മകൻ ആസിഫും മക്കയിൽ ഉണ്ട് . മരണാനന്തര നടപടികൾ പൂർത്തീകരിച്ച് മയ്യത്ത് മക്കയിൽ ഖബറടക്കുമെന്ന് മക്ക കെ.എം.സി.സി നേതാക്കൾ അറിയിച്ചു.