ബംഗളൂരു: ബെംഗളൂരുവില്‍ നടന്ന സി.എ.എ പ്രതിഷേധ പരിപാടിയില്‍ ‘പാകിസ്താന് സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ പെണ്‍കുട്ടിക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ.പെണ്‍കുട്ടിയ്ക്ക് നക്സല്‍ ബന്ധമുണ്ടെന്നായിരുന്നു യെദിയൂരപ്പ പറഞ്ഞത്. ഇത്തരം പ്രസ്താവനകള്‍ നടത്തിയതിന് പെണ്‍കുട്ടി ശിക്ഷിക്കപ്പെടുമെന്നും യെദിയൂരപ്പ പറഞ്ഞു.
” ആ പെണ്‍കുട്ടിയുടെ പിതാവ് തന്നെ അവളുടെ കൈയും കാലും തല്ലിയൊടിക്കാന്‍ പറഞ്ഞിരിക്കുകയാണ്. അവള്‍ക്ക് ജാമ്യം ലഭിക്കരുത്. ഞാനൊരിക്കലും ആ പെണ്‍കുട്ടിയെ സംരക്ഷിക്കില്ല. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇത്തരം ആളുകളുടെ പിന്നിലുള്ള ഗ്രൂപ്പുകളെ കുറിച്ചാണ്. അമൂല്യയെപ്പോലുള്ള ആളുകള്‍ വളര്ന്നുവരാതിരിക്കണമെങ്കില് കൃത്യമായ നടപടികള്‍ തന്നെ അവര്‍ക്കെതിരെ എടുക്കണം. കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ മാത്രമേ ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളു. പെണ്‍കുട്ടിയ്ക്ക് നക്സല്‍ ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി ശിക്ഷിക്കപ്പെടുകയും ഇത്തരം സംഘടനകള്‍ക്കെതിരെ നടപടിയെടുക്കുകയും വേണം- യെദിയൂരപ്പ പറഞ്ഞു.
എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി ഉള്‍പ്പെടെ പങ്കെടുത്ത”സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍” എന്ന പരിപാടിക്കിടെ വേദിയിലെത്തിയ അമൂല്യ എന്ന പെണ്‍കുട്ടിയായിരുന്നു മൈക്ക് കൈയിലെടുത്ത് പാക്കിസ്താന് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയും മറ്റുള്ളവരോട് അത് ഏറ്റുവിളിക്കാന് ആവശ്യപ്പെടുകയും ചെയ്തത്.
ഇത് കേട്ടയുടനെ ഉവൈസി പെണ്‍കുട്ടിക്ക് അരികിലെത്തുകയും നിങ്ങള്‍ എന്താണ് പറയുന്നതെന്ന് ചോദിച്ച് മൈക്ക് തിരികെ വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൈക്ക് കൈമാറാന്‍ തയ്യാറാകാതെ പെണ്‍കുട്ടി വീണ്ടും മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
പിന്നീട് വേദിയിലെത്തിയ പൊലീസ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തുടര്‍ന്ന് വേദിയില്‍ സംസാരിച്ച ഉവൈസി സംഭവത്തെ അപലപിക്കുകയും പെണ്‍കുട്ടിയുടെ നടപടിക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.
‘എനിക്കും എന്റെ പാര്‍ട്ടിക്കും ഈ പെണ്‍കുട്ടിയുമായി ഒരു ബന്ധവുമില്ല. ഈ സംഭവത്തെ ഞാന്‍ അപലപിക്കുന്നു. സംഘാടകര്‍ അവരെ ഇവിടേക്ക് ക്ഷണിക്കാന്‍ പാടില്ലായിരുന്നു. ഇക്കാര്യം അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇവിടെ വരില്ലായിരുന്നു. ഞങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. ശത്രുരാജ്യമായ പാകിസ്താനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ല’, എന്നായിരുന്നു ഉവൈസി പറഞ്ഞത്.
പെണ്‍കുട്ടിക്കെതിരെ 124 എ (രാജ്യദ്രോഹം), 153 എ, ബി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ബെംഗളൂരു ഡി.സി.പി ബി രമേശ് പറഞ്ഞു. പെണ്‍കുട്ടിക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
തന്റെ മകള്‍ ചെയ്ത കാര്യത്തെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നും തെറ്റായ നടപടിയാണ് അവളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അമൂല്യയുടെ പിതാവ് എ.എന്‍.ഐയോട് പ്രതികരിച്ചു.അതേസമയം പെണ്‍കുട്ടിയുടെ വീടിന് നേരെ കല്ലേറ് നടത്തിയ വലതുപക്ഷ സംഘടനയുമായി ബന്ധമുള്ള നിരവധി പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.കഴിഞ്ഞയാഴ്ച എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ അമൂല്യ ഇന്ത്യയും പാകിസ്താന് ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളും നീളാള്‍ വാഴട്ടെയെന്ന് കുറിച്ചിരുന്നു.
‘ലോംഗ് ലിവ് ഇന്ത്യ! ലോംഗ് ലിവ് പാകിസ്താന്! ലോംഗ് ലിവ് ബംഗ്ലാദേശ്! ലോംഗ് ലിവ് ശ്രീലങ്ക! ലോംഗ് ലിവ് നേപ്പാള്‍! ജയ്ജയ് അഫ്ഗാനിസ്ഥാന്! ലോംഗ് ലിവ് ചൈന! ലോംഗ് ലിവ് ഭൂട്ടാന് എന്നായിരുന്നു കുറിച്ചത്. സ്വന്തം രാജ്യത്തെ സ്നേഹിക്കുന്ന പോലെ തന്നെ അയല്‍രാജ്യങ്ങളെ ബഹുമാനിക്കണമെന്നും ഇവര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.