നാടിനെ ഭീതിയിലാഴ്ത്തിയ കാട്ടുപോത്ത് നുള്ളിപ്പാടിയിലെത്തി; കണ്ടെത്താൻ കഴിയാതെ വനം വകുപ്പ്
കാസർകോട്: നാടിനെ ഭീതിയിലാഴ്ത്തിയ കാട്ടുപോത്ത് നുള്ളിപ്പാടിയിലെത്തി. മിനിഞ്ഞാന്നു സന്ധ്യയോടെ താളിപ്പടുപ്പ് ഭാഗങ്ങളിലെ വീട്ടുമുറ്റങ്ങളിൽ എത്തിയ കാട്ടുപോത്തിനെ കണ്ടെത്താൻ കഴിയാതെ വനം വകുപ്പ് അധികൃതർ കുഴങ്ങുന്നതിനിടയിലാണിത്. ഇന്നലെ സന്ധ്യയോടെ ദേശീയപാതയോരത്തെത്തിയ കാട്ടുപോത്ത് വാഹനങ്ങളുടെ വെളിച്ചം അടിച്ചപ്പോൾ വിരണ്ടോടി.വാഹനങ്ങളിലെ യാത്രക്കാരും ഭയന്നു.പിന്നീട് സ്ഥലത്തു നിന്നു ഓടിപ്പോയ കാട്ടുപോത്ത് എവിടെയാണെന്നു വ്യക്തമല്ല.കാട്ടിൽ നിന്നു കൂട്ടം തെറ്റിയായിരിക്കും കാട്ടുപോത്ത് കാസർകോട്ട് എത്തിയതെന്നു സംശയിക്കുന്നു. മുളിയാർ റിസർവ്വ് ഫോറസ്റ്റ് കാട്ടുപോത്തുകളുടെ ആവാസ കേന്ദ്രങ്ങളിൽ ഒന്നാണ്. ഇവിടെ നിന്നും കശുവണ്ടി പ്ലാന്റേഷനുകളിലേയ്ക്ക് കാട്ടുപോത്തുകൾ സഞ്ചരിക്കാറുണ്ട്. അത്തരം സന്ദർഭത്തിൽ കൂട്ടം തെറ്റിയ കാട്ടുപോത്തായിരിക്കും നഗരസഭാ പ്രദേശത്ത് എത്തിയതെന്നു സംശയിക്കുന്നു.