കര്‍ണാടകയില്‍ മുതിര്‍ന്ന പൗരന്മാര് മാസ്ക് ധരിക്കണം
ബംഗളൂരു: മുതിര്‍ന്ന പൗരന്മാര്ക്കും അസുഖബാധിതര്‍ക്കും മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍.
60 വയസ്സ് പിന്നിട്ടവരും ഹൃദയം, വൃക്ക സംബന്ധമായ അസുഖമുള്ളവരും ശ്വാസംമുട്ടല്‍, പനി തുടങ്ങിയ അസുഖങ്ങളുള്ളവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുൻകരുതലെന്ന നിലയിലാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
കോവിഡ് മാര്‍ഗനിര്‍ദേശ സമിതിയുടെ ഉപദേശപ്രകാരമാണ് മുതിര്‍ന്ന പൗരന്മാര്ക്ക് മാസ്ക് നിബന്ധന ഏര്‍പ്പെടുത്തുന്നതെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. കേരളത്തിലെ കോവിഡ് സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അടിയന്തര സാഹചര്യത്തെ നേരിടാനുള്ള തയാറെടുപ്പിലാണ് കര്‍ണാടകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ചാമരാജ് നഗര്‍, കുടക്, മൈസൂരു, ദക്ഷിണ കന്നഡ ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലും ജാഗ്രത നിര്‍ദേശം നല്കി. ഈ ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ മുൻകരുതല്‍ ഒരുക്കും. നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മോക്ഡ്രില്‍ നടത്താൻ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടേണ്ടി വന്നാല്‍ ആവശ്യമായ കിടക്കകളും ജീവനക്കാരും ഡോക്ടര്‍മാരും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ഓക്സിജൻ പ്ലാന്റുകള്‍ പ്രവര്‍ത്തനസജ്ജമാണോ എന്ന് ഉറപ്പുവരുത്തുകയുമാണ് മോക് ഡ്രില്‍ വഴി ചെയ്യുക.