നാലു ക്യാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ച 2 കോടിയിലേറെ രൂപയുടെ സ്വർണ്ണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. യുവതി ഉൾപ്പെടെ 3 പേരിൽ നിന്നായി രണ്ട് കോടിയോളം രൂപയുടെ 3 കിലോ സ്വർണ്ണം പിടികൂടി. മിശ്രിത രൂപത്തിൽ ശരീരത്ത് രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്. അബുദാബിയിൽ നിന്ന് എയർഇന്ത്യ വിമാനത്തിൽ എത്തിയ മലപ്പുറം മീനടത്തൂർ സ്വദേശി ഷിഹാബുദ്ദീൻ മൂത്തേടത്ത് (44), തളിപ്പറമ്പ് സ്വദേശിനി ആശാ തോമസ് (33) എന്നിവരെയാണ് ആദ്യ കേസിൽ എയർ കസ്റ്റംസും ഡിആർഐയും ചേർന്ന് പിടികൂടിയത്. ചോദ്യം ചെയ്യലിൽ 04 സ്വർണ ക്യാപ്സ്യൂളുകൾ വീതം ഇവരുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. 2304 ഗ്രാം ഭാരം ഉണ്ടായിരുന്ന മിശ്രിതം വേർതിരിച്ചെടുത്ത ശേഷം രണ്ട് കിലോയിലധികം തൂക്കം ഉണ്ടായിരുന്നു. ഏകദേശം 1 കോടി 33 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണ്ണമെന്ന് കസ്റ്റംസ് അറിയിച്ചു. രണ്ടാമത്തെ കേസിൽ അബുദാബിയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി ഉള്ളിയുമ്മൽ ഹാരിസിനെ (42) കസ്റ്റംസ് പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 906 ഗ്രാം തൂക്കമുള്ള 04 സ്വർണ മിശ്രിത ക്യാപ്സ്യൂളുകൾ കണ്ടെടുത്തു. മിശ്രിതത്തിൽ നിന്നും വേർതിരിച്ചെടുത്ത ശേഷം 842 ഗ്രാം സ്വർണ്ണം ലഭിച്ചതായും ഏകദേശം 52 ലക്ഷം വിലമതിക്കുന്നതാണ് സ്വർണ്ണമെന്നും കസ്റ്റംസ് അറിയിച്ചു. മൂന്ന് പേർക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.