മകളെ തട്ടിക്കൊണ്ടുപോയതിൽ മനംനൊന്ത ദമ്പതികൾ ആത്മഹത്യ ചെയ്തു; പ്രതികളെ കാസർകോട് നിന്ന് പിടികൂടി
മംഗളൂരു: ദത്തെടുത്ത മകളെ തട്ടിക്കൊണ്ടുപോയതിൽ മനംനൊന്ത ദമ്പതികൾ ആത്മഹത്യ ചെയ്തു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും ദമ്പതികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തതിന് പെൺകുട്ടിയുടെ ആൺസുഹൃത്ത് ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. കർണ്ണാടക ഷിർവ സ്വദേശി ഗിരീഷ് (20), കൂട്ടാളികളായ രൂപേഷ് (22), ജയന്ത് (23), മേജൂർ സ്വദേശി മുഹമ്മദ് അസീസ് എന്നിവരെയാണ് കർണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കുമ്പളയിലുള്ള ഒരു വീട്ടിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പെൺകുട്ടിയെയും പൊലീസ് മോചിപ്പിച്ചു. ഉഡുപ്പി കൗപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് തട്ടിക്കൊണ്ടുപോകൽ സംഭവം നടന്നത്. കൗപ്പിലെ സാമൂഹ്യ പ്രവർത്തകനായ ലീലാധർ ഷെട്ടിയും ഭാര്യയും കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് 16 വർഷം മുമ്പ് ഒരു പെൺകുഞ്ഞിനെ ദത്തെടുത്തിരുന്നു. ഈ പെൺകുട്ടിയെണ് കഴിഞ്ഞ ബുധനാഴ്ച കാണാതായത്. കാണാതായ വിഷമത്തിൽ മനംനൊന്ത് ലീലാധർ ഷെട്ടിയും ഭാര്യയും അന്നുരാത്രി വീട്ടിൽ തൂങ്ങിമരിച്ചിരുന്നു. പരാതിയെ തുടർന്ന് കാപ്പ് പൊലീസ് ആത്മഹത്യയ്ക്കും ആളെ കാണാതായതിനും കേസെടുത്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കാസർകോട് ഉണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഞായറാഴ്ച കർണ്ണാടകയിൽ നിന്നുള്ള പൊലീസ് സംഘം കുമ്പളയിലെത്തി അന്വേഷണം നടത്തി. അപ്പോഴാണ് ഒരു വീട്ടിൽ താമസിക്കുന്നതായി സൂചന ലഭിച്ചത്. വൈകീട്ട് നാട്ടുകാരുടെ സാഹയത്തോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗിരീഷിനെതിരെ പോക്സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഗിരീഷിന്റെ മറ്റ് മൂന്ന് സുഹൃത്തുക്കൾക്കെതിരെയും പോക്സോ കേസുണ്ട്. ഉഡുപ്പി എസ്.പി ഡോ. അരുൺ കെ. എ.എസ്.പി സിദ്ധലിംഗപ്പ, കാർക്കള ഡി.വൈ.എസ്.പി അരവിന്ദ കല്ലഗുജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.