കാസർകോട് താളിപ്പടുപ്പിൽ കാട്ടുപോത്തിറങ്ങി; ഭീതിയോടെ നാട്ടുകാർ
കാസർകോട്: കാസർകോട് താളിപ്പടുപ്പിൽ കാട്ടുപോത്തിറങ്ങി. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ വൈകുന്നേരം താളിപ്പടുപ്പിലെ ബിജെപി ഓഫീസിനു സമീപത്താണ് കാട്ടുപോത്തിനെ കണ്ടത്. വൈകുന്നേരം ആറരയോടെ സൂര്യയെന്ന ആളാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. പ്രദേശത്തെ ശ്മശാനത്തിനു സമീപത്തെ കാട്ടിനുള്ളിലേയ്ക്ക് ഓടിപ്പോയ കാട്ടുപോത്തിനെ പിന്നീട് മറ്റു പലരും കണ്ടു. ആർ.എസ്.എസ് കാര്യാലയത്തിനു സമീപത്തെ ചില വീട്ടുമുറ്റത്തും കാട്ടുപോത്ത് എത്തിയതായി പറയുന്നുണ്ട്. എവിടെ നിന്നാണ് പോത്ത് എത്തിയതെന്നു വ്യക്തമല്ല. കാട്ടിൽ നിന്നു കൂട്ടംതെറ്റിയതെത്തിയതായിരിക്കുമെന്നാണ് സംശയം.