റേഷൻ കടകളിൽ പ്ളാസ്റ്റിക് അരി കൊടുത്ത് പറ്റിക്കുന്നുവെന്ന് പരാതി; സംഭവം അതല്ലെന്ന് വിശദീകരണവുമായി കടക്കാർ
കൊച്ചി: റേഷൻകടയിലെ അരി ഇപ്പോ പഴയ അരിയല്ല. പ്ളാസ്റ്റിക് അരിയെന്ന പേരിൽ കടകളിൽ തുടരുന്ന തർക്കങ്ങൾ കടക്കാരെ പെടാപ്പാടിലാക്കുന്നു. കുന്നത്തുനാട്ടിലെ റേഷൻകടകളിൽ ഇക്കുറി കാർഡ് ഉടമകൾക്ക് നൽകാനായി ലഭിച്ചിരിക്കുന്നത് ഫോർട്ടിഫൈഡ് അരിയാണ്. കാഴ്ചയിൽ പ്ളാസ്റ്റിക് അരി പോലെ ഇരിക്കുമെങ്കിലും പോഷക ഗുണമുള്ള അരി വിതരണം ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ നയമനുസരിച്ചാണ് ഫോർട്ടിഫൈഡ് അരി എത്തിച്ചിരിക്കുന്നത്.
ഇരുമ്പ്, ഫോളിക് ആസിഡ് , വൈറ്റമിൻ ബി12 എന്നിവ ചേർത്താണ് ഫോർട്ടിഫൈഡ് അരിയുണ്ടാക്കുന്നത്. നൂറുകിലോ സാധാരണ അരിയിൽ ഒരുകിലോഗ്രാം ഫോർട്ടിഫൈഡ് അരി ചേർത്താണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് റേഷൻകടകളിലെ അരിയിൽ മാറ്റം കാണുന്നത്.