പേരൂര്‍ക്കടയിലെ കാറപകടം; ഓടിച്ചത് പൊലീസുകാരനെന്ന് കണ്ടെത്തി
പേരൂര്‍ക്കട: വ്യാഴാഴ്ച രാത്രിയില്‍ ഇരുചക്ര വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം കുഴിയിലേക്ക് വീണ കാറിന്റെ ഉടമയുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.
കാര്‍ ഓടിച്ചിരുന്നത് പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബിലെ പൊലീസ് ഉേദ്യാഗസ്ഥനാണെന്ന് കണ്ടെത്തി.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് പേരൂര്‍ക്കട-വഴയില റോഡില്‍ നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി സിഫ്റ്റ് കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളെ ഇടിച്ചുതെറുപ്പിച്ചശേഷം കാടുമൂടിയ ഭാഗത്തേക്ക് വീണത്. വാഹനം സമീപത്തുണ്ടായിരുന്ന ട്രാന്‍സ്ഫോമറിലും ഇടിച്ചിരുന്നു.
അപകടം നടന്നയുടന്‍ തന്നെ കാര്‍ ഓടിച്ചിരുന്നയാള്‍ നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ആശുപത്രിയില്‍ പോകുന്നുവെന്നുപറഞ്ഞ് മറ്റൊരു കാര്‍ കൈകാണിച്ച് കയറി സ്ഥലംവിട്ടത് നാട്ടുകാര്‍ക്കിടയിലും പൊലീസിനും സംശയത്തിനിടയാക്കി. ഇയാള്‍ മദ്യപിച്ച് വാഹനം ഓടിച്ചിരുന്നോ എന്നായിരുന്നു സംശയം.
എന്നാല്‍ സംഭവം നടന്നയുടന്‍ പേരൂര്‍ക്കട പൊലീസ് സ്ഥലത്തെത്തി കാര്‍ പരിശോധിച്ചപ്പോള്‍ ഡ്രൈവര്‍ സീറ്റില്‍നിന്ന് ഒരു പൊലീസ് തൊപ്പി കണ്ടെത്തി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അപകടത്തില്‍പെട്ട കാര്‍ ഓടിച്ചിരുന്നത് പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബിലെ പൊലീസ് ഉദ്യാഗസ്ഥനാണെന്നും ഇദ്ദേഹം ഡ്യൂട്ടി കഴിഞ്ഞ് കരകുളത്തുള്ള വീട്ടിലേക്ക് പോകുന്നതിനിടെ ഉറങ്ങിപ്പോയതിനാല്‍ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് പതിക്കുകയായിരന്നെന്നും പേരൂര്‍ക്കട പൊലീസ് പറഞ്ഞു.
കാറില്‍ നിന്നും ഇറങ്ങിയ ഇദ്ദേഹം മറ്റൊരു കാറില്‍ കയറി നഗരത്തിലുള്ള ഒരു ആശുപത്രിയിലേക്കാണ് പോയതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ അപകടത്തില്‍ മറ്റ് ദുരൂഹതകള്‍ ഒന്നുംതന്നെയില്ലെന്നും വാഹനം ഉടന്‍ തന്നെ ഉടമക്ക് വിട്ടുനല്‍കുമെന്നും പൊലീസ് പറഞ്ഞു