പ്രവീൺ നെട്ടാരു കൊലക്കേസ്; ഒളിവിലുള്ള അഞ്ചുപ്രതികൾക്കായി എൻ.ഐ.എ പൊതുജന സഹായം തേടി
സുള്ള്യ: ബെള്ളാരെയിലെ യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരുവിനെ
വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന അഞ്ചു പ്രതികളെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പൊതുജന സഹായം തേടി. ബെള്ളാരെ, ബൂടുവിലെ എം.ഡി.മുസ്തഫ, നെക്കിലാടിയിലെ അക്നാട്, കെ.എ.മസൂദ്, ബണ്ട്വാൾ, കൊട്ടാജെയിലെ മുഹമ്മദ് ഷെരീഫ്, സുള്ള്യ കല്ലുമുല്ലുവിലെ കെ.ഉമ്മർ ബെള്ളാരെ അബൂബക്കർ എന്നിവരെ കണ്ടെത്തുന്നതിനാണ് പൊതുജന സഹായം തേടിയത്.
പ്രതികളുടെ ഫോട്ടോകൾ എൻ.ഐ.എ പുറത്തു വിട്ടിട്ടുണ്ട്. വിവരം ലഭിക്കുന്നവർ 9497715294
എന്ന നമ്പറിൽ വാട്ട്ആപ്പ് വഴി വിവരങ്ങൾ പങ്കിടണമെന്നും അഭ്യർഥനയുണ്ട്. 2022 ജൂലായ് 26ന്
ആണ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. കടയടച്ച് വീട്ടിലേയ്ക്ക് പോകാൻ ഒരുങ്ങുന്നതിനിടയിൽ
ബൈക്കുകളിലും മറ്റും എത്തിയ അക്രമി സംഘം വെട്ടിക്കൊന്നുവെന്നാണ് കേസ്. കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ള പ്രതികളെയെല്ലാം അറസ്റ്റു ചെയ്തിരുന്നു. ഗൂഢാലോചനയിൽ പങ്കെടുത്ത പ്രതികളെയാണ് ഇനി കിട്ടാനുള്ളത്. കർണ്ണാടക രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് പ്രവീൺ നെട്ടാരു കൊലക്കേസ്.