യുകെയില്‍ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ചേക്കും; നീക്കങ്ങളുമായി സര്‍ക്കാര്‍
ലണ്ടന്‍: കൗമാരക്കാര്‍ക്കിടയിലെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് യുകെ നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. 16 വയസിന് താഴെയുള്ള കൗമാരക്കാരെ ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം. ഈ പ്രായപരിധിയില്‍ പെടുന്നവര്‍ക്കിടയിലെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളിലേക്ക് അപകടകരമായ ഉള്ളടക്കങ്ങള്‍ എത്തുന്നത് തടയുന്നതിനും അത്തരം സംഭവങ്ങളില്‍ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ 10 ശതമാനം പിഴയീടാക്കാനും ഉള്‍പ്പടെ നിഷ്കര്‍ഷിക്കുന്ന ഓണ്‍ലൈന്‍ സേഫ്റ്റി ആക്റ്റ് നിലവിലുണ്ട്. ഇതിന് പുറമെ അധിക നടപടികള്‍ സ്വീകരിക്കാനാണ് ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഉദ്ദേശിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ കുട്ടികള്‍ അഭിമുഖീകരിക്കുന്ന അപകടസാധ്യതകള്‍ എന്തെല്ലാമെന്ന് കണ്ടെത്തുന്നതിനായുള്ള കൂടിയാലോചനകള്‍ക്ക് 2024 ആദ്യ മാസങ്ങളില്‍ തുടക്കമിടും.
സോഷ്യല്‍ മീഡിയാ ഉപയോഗത്തെ തുടര്‍ന്ന് കുട്ടികള്‍ ആത്മഹത്യയിലേക്കും അപകടകരമായ വെല്ലുവിളികള്‍ സ്വീകരിക്കുന്നതിലേക്കും നയിച്ച സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയാ ഉപയോഗം കുട്ടികളുടെ മാനസിക വളര്‍ച്ചയേയും സാമൂഹിക ജീവിതത്തേയും ബാധിക്കുന്നുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
അതേസമയം മാതാപിതാക്കളെ സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തെ കുറിച്ച് ബോധവല്‍കരിക്കേണ്ടതുണ്ടെന്നും അതിന് ശക്തിപകരുന്ന ഗവേഷണ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അഭിപ്രായം ഉയരുന്നുണ്ട്.
ഫേസ്ബുക്കും മെസെഞ്ചറും എന്‍ക്രിപ്റ്റഡ് ആക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിന് ശേഷം നാഷണല്‍ ക്രൈം ഏജന്‍സി അതിന്റെ വെല്ലുവിളികളെ കുറിച്ച് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്‍ക്രിപ്റ്റഡ് സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ വഴി രണ്ടുപേര്‍ എന്തെല്ലാം ആണ് സംവദിക്കുന്നത് എന്നറിയാന്‍ സാധിക്കില്ല. ഇത് കുട്ടികളെ ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കാമെന്ന സാഹചര്യമുണ്ട്. ഒപ്പം ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനും എന്‍ക്രിപ്ഷന്‍ പ്രയാസം സൃഷ്ടിക്കുന്നു.