പിണറായി വിജയൻ എല്ലാ കാലത്തും ആ കസേരയിൽ ഇരിക്കുമെന്ന് പൊലീസ് കരുതേണ്ട; വെല്ലുവിളിച്ച് വി.ഡി.സതീശനും കെ.സി.വേണുഗോപാലും
കോഴിക്കോട്: കേരളത്തിൻ്റെ മുഖ്യമന്ത്രിക്കസേരയിൽ എല്ലാ കാലത്തും പിണറായി വിജയൻ തന്നെയുണ്ടാകില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും. നവകേരള സദസ്സിനെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് എടുക്കുന്ന നടപടികളെ വിമർശിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഇരുവരും.
കെ.സി.വേണുഗോപാൽ ദൽഹിയിലും വി.ഡി.സതീശൻ കോഴിക്കോടുമാണ് പ്രതികരണങ്ങൾ നടത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഗൺമാനും പ്രതിഷേധക്കാർക്ക് നേരെ ലാത്തി ഉപയോഗിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഇരുവരും മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ രൂക്ഷമായി പ്രതികരിച്ചത്. കേരളത്തിലെ ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ക്രിമിനലുകളെയും കൊണ്ട് നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞതുപോലെയുള്ള ‘ രക്ഷാപ്രവർത്തനം’ നടത്താൻ തങ്ങളെയും പ്രേരിപ്പിക്കരുതെന്നും വി.ഡി. സതീശൻ പറഞ്ഞു.
പിണറായി വിജയൻ എല്ലാ കാലത്തും കേരളത്തിൻ്റെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുമെന്ന് കേരളത്തിലെ പൊലീസ് ധരിക്കേണ്ടതില്ലെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ദൽഹിയിൽ പറഞ്ഞത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദ്ദിക്കുന്നതിനെ സംബന്ധിച്ചും പ്രതിഷേധിക്കാരെ മർദിക്കുന്നതിന് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് സംരക്ഷണമൊരുക്കുന്നതിനെ കുറിച്ചും ദൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പോലും പൊലീസില്ല എന്നും എല്ലാ പൊലീസുകാരും മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന് സുരക്ഷയൊരുക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഗൺമാൻ പ്രതിഷേധക്കാരെ തല്ലിയതിനെ കുറിച്ചും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
കെ.സി.വേണുഗോപാലിൻ്റെ വാക്കുകൾ
‘ശബരിമലയിൽ നിയന്ത്രിക്കാൻ പൊലീസില്ല. പൊലീസ് മുഴുവൻ മുഖ്യമന്ത്രിയുടെ യാത്രക്ക് സുരക്ഷയൊരുക്കാൻ പോയിരിക്കുകയാണ്. ആരെങ്കിലും പ്രതിഷേധിച്ചാൽ ആ പ്രതിഷേധിക്കുന്ന കുട്ടികളെ തല്ലുന്നതിനും പൊലീസ് കാവൽ നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ ഗൺമാൻ ലാത്തി ഉപയോഗിക്കുന്നത് ഞങ്ങളെല്ലാം നേരിട്ട് കണ്ടതാണ്. കേരളത്തിലെ പൊലീസ് ഒരു കാര്യം മനസ്സിലാക്കണം, എല്ലാകാലത്തും പിണറായി വിജയൻ ആ കസേരയിൽ ഇരിക്കുമെന്ന് വിചാരിക്കേണ്ട.
ഞങ്ങളുടെ കുട്ടികളെ ഇതുപോലെ തല്ലി തലപൊളിക്കുന്നതിന് പൊലീസുകാർ കൂട്ടുനിൽക്കുന്നുണ്ട്. പൊലീസുകാർ തന്നെ ചെയ്യുന്നുണ്ട്. ഗൺമാനും പൊലീസാണല്ലോ. ഇതൊന്നും ഓർക്കാതെ പോകുമെന്ന് ആരും ധരിക്കേണ്ട. അങ്ങനെ ആർക്കും എഴുതിക്കൊടുത്ത നാടല്ല കേരളം. അത് ആലോചിക്കുന്നത് നന്നായിരിക്കും.
ഇത് ഞങ്ങളെ കൊണ്ട് പറയിപ്പിക്കുന്നതാണ്. ഞങ്ങൾ അക്രമ ആഹ്വാനം നടത്തുന്നവരല്ല. അത് മുഖ്യമന്ത്രിയാണ് നടത്തിയത്. അദ്ദേഹത്തിന്റെ പെരുമ്പാവൂർ പ്രസംഗത്തിന് ശേഷമാണ് ഇത് കൂടിയത്. ഇദ്ദേഹത്തിന് പോകാൻ വേണ്ടിയിട്ട്, വഴി നടക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും തല്ലിയൊതുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിന് വലിയ വിലകൊടുക്കേണ്ടി വരും’ കെ.സി.വേണുഗോപാൽ പറഞ്ഞു.