തൃശൂരിൽ മദ്യപിച്ചെത്തിയ മകൻ അമ്മയെ വെട്ടിക്കൊന്നു
തൃശൂർ: മദ്യപിച്ചെത്തിയ മകൻ അമ്മയെ വെട്ടിക്കൊന്നു. തൃശൂർ കെെപ്പറമ്പിലാണ് സംഭവം. എടക്കളത്തൂർ സ്വദേശിനി ചന്ദ്രമതി(68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സന്തോഷിനെ (38) പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. എടക്കളത്തൂരിലെ വാടകവീട്ടിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.
മദ്യപിച്ചെത്തിയ സന്തോഷ് കുടുംബ വഴക്കിനിടെ വെട്ടുകത്തി ഉപയോഗിച്ച് അമ്മയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തലക്കും താടിക്കുമാണ് വെട്ടേറ്റത്. സന്തോഷ് തന്നെയാണ് വിവരം പൊലീസിൽ വിളിച്ച് അറിയിച്ചത്. പേരാമംഗലം പൊലീസ് സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ചന്ദ്രമതിയെയാണ് കണ്ടത്. പിന്നാലെ ചന്ദ്രമതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മൂന്നുമണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.