കേന്ദ്ര സഹായം തേടി പ്രതിയെ പിടിച്ചത് കേരള പൊലീസ് ഉന്നതന് ഇഷ്ടപ്പെട്ടില്ല, ക്രഡിറ്റ് നഷ്ടപ്പെടുത്തി: ജനപ്രിയ ഉദ്യോഗസ്ഥന്റെ പ്രമോഷന് തട
തിരുവനന്തപുരം: ഐ.ജി പി.വിജയന്റെ അഡി.ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റത്തിന് വകുപ്പുതല അന്വേഷണത്തിൽ കുരുക്കി തടയിട്ടത്,ഏലത്തൂർ ട്രെയിൻ തിവയ്പ് കേസിലെ പ്രതിയെ പിടിക്കാൻ കേന്ദ്ര സഹായം തേടിയത് ഇഷ്ടപ്പെടാത്ത പൊലീസ് ഉന്നതൻ.
കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ പ്രതിയെ പിടിച്ചത് പൊലീസിന്റെ ക്രെഡിറ്റ് നഷ്ടമാക്കിയെന്ന ആരോപണമുന്നയിച്ചാണ് വിജയനെ ആറു മാസം സസ്പെൻഷനിലാക്കുകയും വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്. ജനുവരിയിൽ കിട്ടേണ്ട സ്ഥാനക്കയറ്റത്തിന് തടയിടുകയായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രി ഇടപെട്ടാണ് സസ്പെൻഷൻ പിൻവലിച്ച് വിജയനെ ട്രെയിനിംഗ് ഐ.ജിയായി തിരിച്ചെടുത്തത്.
ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിക്കു മുന്നിൽ വിജയന്റെ സ്ഥാനക്കയറ്റത്തിനുള്ള രേഖകൾ എത്തിച്ചില്ല.
ആഭ്യന്തര- നിയമ സെക്രട്ടറിമാർ, ഡി.ജി.പി, ഇന്റലിജൻസ് മേധാവി എന്നിവരടങ്ങിയ കമ്മിറ്റിക്ക് സ്ഥാനക്കയറ്റം പരിഗണിക്കാനായില്ല. വകുപ്പുതല അന്വേഷണം നേരിടുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയനെ വെട്ടിയത്. തീവയ്പ്പു കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിൽ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരെ വിജയൻ ബന്ധപ്പെട്ടത് സുരക്ഷാവീഴ്ചയ്ക്കിടയാക്കിയെന്ന എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ റിപ്പോർട്ടായിരുന്നു നടപടിക്കാധാരം. ഡി.ജി.പിയായിരുന്ന അനിൽകാന്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു വിജയൻ കേസിലിടപെട്ടത്.
പ്രതി കേരളം വിട്ടെന്നുറപ്പായതോടെ, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് ഡയറക്ടറായ കേരളാ കേഡർ ഐ.ജി അനൂപ് കുരുവിള ജോണിന്റെ സഹായം വിജയൻ തേടിയിരുന്നു. പ്രതിയെ പിടിക്കാൻ ഐ.ബി, മഹാരാഷ്ട്ര-കർണാടക ഭീകരവിരുദ്ധ സ്ക്വാഡുകൾ, ഉത്തർപ്രദേശ്, ഡൽഹി പൊലീസ്, ആർ.പി.എഫ് എന്നിവയെ ഏകോപിപ്പിച്ചതിങ്ങനെയായിരുന്നു. പ്രതിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയെന്ന കുറ്റം ചുമത്തി വിശദീകരണം പോലും തേടാതെയായിരുന്നു സസ്പെൻഷൻ. പിന്നാലെ പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണമാണ് ഇഴയ്ക്കുന്നത്. മുൻപ് ഇത്തരം അന്വേഷണങ്ങൾ നേരിടുന്നവർക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്.