ഇന്നായിരുന്നു മകളുടെ നിക്കാഹ്, കൈകൊടുക്കാന്‍ മജീദില്ല; തസ്നി വിദേശത്ത് നിന്നെത്തിയത് മരണത്തിലേക്ക്
മഞ്ചേരി: മഞ്ചേരി-അരീക്കോട് റോഡില്‍ ചെട്ടിയങ്ങാടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ പയ്യനാട് തടപ്പറമ്പ് പുതുപ്പറമ്പില്‍ അബ്ദുല്‍മജീദ് (58), മഞ്ചേരി കിഴക്കേത്തല കരിമ്പുള്ളകത്ത് ഹമീദിന്റെ ഭാര്യ മുഹ്സിന(35), സഹോദരിയും കരുവാരക്കുണ്ട് ഐലാശ്ശേരി വെള്ളയൂരിലെ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ തസ്നി (33), തസ്നിയുടെ മക്കളായ റിന്‍ഷ ഫാത്തിമ (12), റൈഹ ഫാത്തിമ (നാല്) എന്നിവരാണ് മരിച്ചത്.
കുട്ടികളടക്കം പത്തുപേരാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. മുഹ്സിനയുടെ മക്കളായ ഹസ ഫാത്തിമ (ആറ്), മുഹമ്മദ് നിഷാദ് (11), മുഹമ്മദ് അഹ്സന് (നാല്) എന്നിവരും തസ്നിയുടെ മകന് മുഹമ്മദ് റയാനും (ഒന്ന്) ഇവരുടെ മാതാവ് സാബിറ(52)യ്ക്കുമാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. മഞ്ചേരി കിഴക്കെത്തലയില്‍നിന്ന് പൂല്ലൂരിലുള്ള ഉമ്മയുടെ വീട്ടിലേക്ക് ഓട്ടോയില്‍ പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയിലെ ഹൊസൂരില്‍നിന്ന് അയ്യപ്പഭക്തരുമായി ശബരിമലയിലേക്ക് പോകുകയായിരുന്നു ബസ്. വിദേശത്തുനിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയ തസ്നി, കഴിഞ്ഞദിവസം മാതാപിതാക്കളെ കാണാന്‍ മഞ്ചേരിയിലെ വീട്ടിലെത്തിയതാണ്. ഇവിടെനിന്ന് വല്യുമ്മയെ കാണാന്‍ സഹോദരിക്കും മക്കള്‍ക്കുമൊപ്പം പോകുകയായിരുന്നു.