‘ആ പണം മുഴുവൻ എന്റെ കുടുംബത്തിന്റേതാണ്, കോൺഗ്രസുമായി അതിന് ബന്ധമില്ല’; 353 കോടി പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി ധീരജ് സാഹു
ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ് റെയ്ഡില്‍ 353 കോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ പത്തുദിവസത്തിനു ശേഷം പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ധീരജ് സാഹു. കുടുംബമാണ് ബിസിനിസ് കൈകാര്യം ചെയ്യുന്നതെന്നും കണ്ടെത്തിയ പണം റെയ്ഡ് ചെയ്യപ്പെട്ട കമ്പനികളുടേതാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിക്കോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ ഇതില്‍ ബന്ധമില്ലെന്നും സാഹു കൂട്ടിച്ചേര്‍ത്തു. സാഹുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനും അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരെ ഡിസംബർ ആറിന് ആരംഭിച്ച ആദായനികുതി പരിശോധന വെള്ളിയാഴ്ചയാണ് അവസാനിച്ചത്.
“കണ്ടെടുത്ത പണം എന്റെ മദ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണ്. മദ്യവിൽപനയിൽ നിന്നുള്ള പണമാണിത്. ഈ പണത്തിന് കോൺഗ്രസുമായോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ യാതൊരു ബന്ധവുമില്ല, കണ്ടെടുത്ത പണമെല്ലാം എന്റെ കുടുംബത്തിന്റേതാണ്. എല്ലാത്തിനും ഞാൻ കണക്ക് തരാം. 35 വർഷമായി രാഷ്ട്രീയത്തിൽ സജീവമാണ്, ഇതാദ്യമായാണ് എനിക്കെതിരെ ഇത്തരം ഒരു ആരോപണം ഉയരുന്നത്. അതിൽ വേദനയുണ്ട്. പണം എന്റെ കമ്പനിയുടേതാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും. നൂറ് വര്‍ഷത്തിലേറെയായി ഞങ്ങള്‍ മദ്യവ്യാപാരം നടത്തുന്നു. ഞാന്‍ രാഷ്ട്രീയത്തിലായതിനാല്‍ ബിസിനസില്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. അത് എന്റെ വീട്ടുകാരാണ് നോക്കിയിരുന്നത്, ഇടയ്ക്കിടെ കാര്യങ്ങൾ എങ്ങനെയുണ്ടെന്ന് ചോദിക്കുക മാത്രം ചെയ്യും. എന്റേത് വലിയ കൂട്ടുകുടുംബമാണ്. ഞാനടക്കം ആറ് സഹോദരങ്ങൾ ബിസിനസിൽ ഏർപ്പെട്ടിട്ടുണ്ട്. അവരുടെ കുട്ടികള്‍ കമ്പനിയുടെ മറ്റു കാര്യങ്ങള്‍ നോക്കുന്നുണ്ട്. ‘ – സാഹു വ്യക്തമാക്കി.