കളിക്കുന്നതിനിടെ തൊട്ടിലിൽ കെട്ടിയിരുന്ന കയർ കഴുത്തിൽ കുടുങ്ങി; ആറുവയസുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം: കളിക്കുന്നതിനിടെ തൊട്ടിലിൽ കെട്ടിയിരുന്ന കയർ കഴുത്തിൽ കുടുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫർ സിദ്ദീഖിന്റെയും ഷബ്നയുടെയും മകൾ ഹയ ഫാത്തിമയാണ് മരിച്ചത്. അനുജനെ തൊട്ടിലിൽ കിടത്തി കളിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. തൊട്ടിലിനരികെ ഇരുന്ന് കളിക്കുന്നതിനിടെ പെൺകുട്ടിയുടെ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നു.
സംഭവം കണ്ടതോടെ ബന്ധുക്കൾ ഉടൻ തന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചിരുന്നു. മൂടാൽ മർക്കസ് ആൽബിർ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഹയ ഫാത്തിമ. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
ഈ വർഷം ഫെബ്രുവരിയിൽ കോഴിക്കോടും സമാനസാഹചര്യത്തിൽ പന്ത്രണ്ട് വയസുകാരൻ മരണപ്പെട്ടിരുന്നു.
പരപ്പിൽ എംഎംഎച്ച് സ്കൂൾ വിദ്യാർത്ഥിയായ പയ്യാനക്കൽ പടന്നവളപ്പ് മുഹമ്മദ് റിസ്വാൻ (12) ആണ് മരിച്ചത്. വീടിന്റെ മുകൾ നിലയിൽ കളിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നു. ഭക്ഷണം കഴിക്കാൻ വേണ്ടി സഹോദരൻ മുകൾ നിലയിൽ കയറിയപ്പോഴാണ് റിസ്വാന്റെ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടത്. സംഭവത്തെ തുടർന്ന് ബന്ധുക്കൾ കുട്ടിയെ അടുത്തുളള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.