തിരുവനന്തപുരം: നടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നിയമോപദേശം തേടി. മോഹന്‍ലാലിന്റെ അപേക്ഷയെ തുടര്‍ന്നാണ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് .
കഴിഞ്ഞ ദിവസം കേസ് പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതി പരിഗണിച്ചിരുന്നു . എന്നാല്‍ , മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. കൊച്ചിയില്‍ നിന്നെത്തിയ മോഹന്‍ലാലിന്റെ അഭിഭാഷകന് കോടതിയില്‍ അവധി അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.
കൊച്ചി തേവരയിലെ മോഹന്‍ലാലിന്റെ ഫ്ലാറ്റില്‍ നിന്ന് 2012 ജൂണിലാണ് ആദായനികുതി വകുപ്പ് റെയ്ഡില്‍ ആനക്കൊമ്പ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് . ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
1977ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് ആനക്കൊമ്പ് നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും വാങ്ങി കൈവശം സൂക്ഷിക്കുകയും ചെയ്തതിനാണ് മലയാറ്റൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറും കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസറും മോഹലാലിനും മറ്റ് മൂന്ന് പ്രതികള്‍ക്കുമെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ചത്.