വീണ്ടും കടുവാ ആക്രമണം; വന വിഭവം ശേഖരിക്കാൻ പോയ ആദിവാസി വിഭാഗത്തിൽപ്പെട്ടയാളെ കടുവ കൊന്നു തിന്നു
സുൽത്താൻ ബത്തേരി:വയനാട് വാകേരിയിലെ കടുവാ ആക്രമണത്തിൻ്റെ ഭീതി മാറും മുൻപേ വയനാട് അതിർത്തിയായ കർണാടക ഗുണ്ടൽപേട്ടയിൽ ആദിവാസി മദ്ധ്യവയസ്കനെ കടുവ കൊലപ്പെടുത്തി. ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിലെ കണ്ടിക്കര സ്വദേശി ബസവയെയാണ് കടുവ ആക്രമിച്ചത്.54 വയസായിരുന്നു. വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി പോയ ബസവ തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ ബസവയുടെ മൃതദേഹാവശിഷ്ടങ്ങൾ വികൃതമായ രീതിയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം കടുവ ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പ്രദേശത്ത് ഒരു മാസത്തിനിടെ കടുവയുടെ ആക്രമണം നേരിടുന്ന മൂന്നാമത്തെ ആളാണ് ബസവ.