വിനോദ യാത്രയ്ക്കിടെ പെൺകുട്ടികൾ കഴിച്ചത് മഷ്റൂം ചോക്ലേറ്റും ജ്യൂസും; പിന്നാലെ അബോധാവസ്ഥയിൽ
കൊല്ലം: വിദ്യാർത്ഥികൾക്ക് വിനോദ യാത്രയ്ക്കിടെ ശാരീരിക അവശത അനുഭവപ്പെടുകയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു കൊല്ലം ശാസ്താകോട്ട ഗവ എച്ച്എസ്എസിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾ വിനോദ യാത്രയ്ക്ക് പുറപ്പെട്ടത്. കുടക്, മൈസൂർ തുടങ്ങിയ കേന്ദ്രങ്ങളിലേക്കായിരുന്നു യാത്ര.
രണ്ട് ബസുകളിലായി നൂറിലേറെ വിദ്യാർത്ഥികളുമായാണ് യാത്ര പുറപ്പെട്ടത്. യാത്രയ്ക്കിടെയാണ് ഒരു പെൺകുട്ടിക്ക് അവശത അനുഭവപ്പെട്ടത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. തിരിച്ചെത്തുന്നതിനിടെ ഒരു കുട്ടി അബോധാവസ്ഥയിലാവുകയും ചെയ്തു. ഈ കുട്ടിയെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരും ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
യാത്രയ്ക്കിടെ വിദ്യാർത്ഥികൾ മഷ്റൂം ചോക്ലേറ്റും ജ്യൂസും കഴിച്ചിരുന്നു. ഇതിൽ ലഹരി കലർന്നിട്ടുണ്ടോ എന്നുള്ള സംശയമാണ് പരാതിയിൽ പറയുന്നത്. ശാരീരിക അവശതയ്ക്ക് കാരണം ലഹരി പദാർത്ഥമാണോ എന്ന സംശയമാണ് പൊലീസ് അന്വേഷിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം സ്കൂളിലെത്തി അദ്ധ്യാപകരിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. എന്നാൽ കുട്ടികൾ ഭക്ഷ്യവിഷബാധയെ തുടർന്നാണ് ചികിത്സ തേടിയതെന്നും മറിച്ചുള്ള പരാതികൾ അടിസ്ഥാനരഹിതമാണെന്നുമാണ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്.