തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ. ബാബുവിന്റെ ഹരജി തള്ളി സുപ്രിംകോടതി
ന്യൂഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ മുൻമന്ത്രി കെ. ബാബുവിന് തിരിച്ചടി. കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ബാബുവിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. സ്റ്റേ ആവശ്യം നേരത്തെ സുപ്രിംകോടതി തള്ളിയതാണെന്ന് കേസിൽ എം. സ്വരാജിനു വേണ്ടി ഹാജരായ അഭിഭാഷകൻ പി.വി ദിനേശൻ ചൂണ്ടിക്കാട്ടി. ഹരജി ജനുവരി 10ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.
മതചിഹ്നം ഉപയോഗിച്ച് വോട്ട് അഭ്യർത്ഥിച്ചെന്ന് ആരോപിച്ചായിരുന്നു കെ. ബാബുവിനെതിരായ കേസ്. കേസ് നിലനിൽക്കുമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച് ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ച് എം. സ്വരാജിന് നോട്ടിസ് അയച്ചിരുന്നു.
ഇതിനിടെയാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സുപ്രിംകോടതിയിൽ പുതിയ അപേക്ഷ നൽകിയത്. കേസിൽ ഇന്ന് ഹൈക്കോടതിയിൽ വിചാരണ ആരംഭിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ വിധി സ്റ്റേ ചെയ്യണമെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകരായ ചന്ദർ ഉദയ് സിങ്ങും റോമി ചാക്കോയും ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യം കോടതി അംഗീകരിച്ചില്ല.