ആരാന്റെ മക്കളെ തല്ലുന്നത് ആസ്വദിക്കുന്ന മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മനസ്; സ്റ്റാലിൻ ചമയണ്ടെന്ന് വി.ഡി.സതീശൻ
കാസർകോട്: ആരാന്റെ മക്കളെ റോഡിലിട്ട് പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലാൻ ശ്രമിക്കുന്നത്
ആസ്വദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന സാഡിസ്റ്റിന്റെ മനസാണ് കേരളത്തിന്റെ
മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. സ്റ്റേറ്റ് എംപ്ലോയിസ് ആന്റ്
ടീച്ചേർസ് ഓർഗനൈസേഷൻ (സെറ്റോ) നേതൃത്വത്തിലുള്ള സിവിൽ സർവ്വീസ് അധ്യാപക
മേഖലയുൾപ്പടെ പുനരുജ്ജീവനത്തിനായി നടത്തുന്ന അതിജീവന യാത്ര ഉദ്ഘാടനം ചെയ്യാൻ
എത്തിയ പ്രതിപക്ഷ നേതാവ് വാർത്താലേഖകരോട് സംസാരിക്കുന്നതിനിടയിലാണ്
മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചത്. മുഖ്യമന്ത്രി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്,
ക്രിമിനൽ മനസ്സുള്ള ആളാണ് കേരളം ഭരിക്കുന്നത്. നവകേരള സദസ്സിന്റെ പേരിൽ സി.പി.എം
പ്രവർത്തകർ വ്യാപകമായി അക്രമം അഴിച്ചു വിടുന്നതിനുള്ള പ്രേരണ മുഖ്യമന്ത്രിയുടെ സാഡിസ്റ്റ്
മനസാണ് സതീശൻ പറഞ്ഞു.
ഷൂ എറിഞ്ഞതിന്റെ പേരിൽ വധശ്രമത്തിന് കേസെടുത്ത്പൊലീസിനെ മുഖ്യമന്ത്രി പരിഹാസ്യരാക്കുകയാണ്. പിണറായിയെ പോലെ ക്രൂരനായ ഒരാളാണ്
മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത് എന്നതോർത്ത് കേരളം ലജ്ജിച്ച് തലതാഴ്ത്തും. മുഖ്യമന്ത്രി
സ്റ്റാലിൻ ചമയുകയാണ്. ഇത് ജനാധിപത്യ കേരളമാണെന്ന് പിണറായി വിജയനെ
ബോധ്യപ്പെടുത്താനുള്ള കരുത്ത് കേരളത്തിലെ പ്രതിപക്ഷത്തിനുണ്ടെന്നത് ഓർക്കണമെന്നും
അദ്ദേഹം വ്യക്തമാക്കി. ട്രഷറി പൂട്ടിയിട്ടും ധനമന്ത്രി ടൂറിലാണ്. ഒരു ഓട പണിയാനുള്ള പണം
പോലും സർക്കാരിന്റെ കയ്യിലില്ല. സപ്ലൈകോയും കെ.എസ്.ആർ.ടി.സിയും കെ.എസ്.ഇ.ബിയും
തകർത്തവരാണ് നവകേരളം ഉണ്ടാക്കാൻ നടക്കുന്നത്. കർഷകരെല്ലാം പ്രതിസന്ധിയിലാണ്.
കെടുകാര്യസ്ഥതയും അഴിമതിയും മുഖമുദ്രയാക്കിയ കൊള്ളക്കാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൻഡോസൾഫാൻ ബാധിത മേഖലയിൽ നിശ്ചിത കാലയളവിനുള്ളിൽ മെഡിക്കൽ പരിശോധന നടത്തി പുതിയ രോഗികളുണ്ടെങ്കിൽ അവർക്ക് കൂടി ആനുകൂല്യങ്ങൾ നൽകാമെന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. 2011 ന് ശേഷമുള്ള ആർക്കും ആനുകൂല്യങ്ങൾ നൽകേണ്ടെന്നത് വേദനാജനകമായ തീരുമാനമാണ്. ഈ ഉത്തരവ് പിൻവലിച്ച്, കൃത്യമായ കാലയളവിൽ പരിശോധന നടത്തി പുതിയ രോഗികൾക്ക് കൂടി ആനുകൂല്യങ്ങൾ നൽകണം. കിട്ടിക്കൊണ്ടിരിക്കുന്നവർക്ക് കൂടി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ക്രൂരമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. എന്റോസൾഫാൻ ദുരിത ബാധിതരോടുള്ള സമീപനം മാറ്റിയില്ലെങ്കിൽ സമരത്തിനു നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠൻ, ഡിസി.സി പ്രസിഡണ്ട് പി.കെ ഫൈസൽ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.