‘ഓളെ കൊന്നതാ, മൃതദേഹം കാല് കുത്തിയ നിലയിലായിരുന്നു..’; ഷബ്നയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം
വടകര: കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്നയുടെ മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ. കാല് നിലത്ത് കുത്തിയ നിലയിലാണ് ഷബ്നയുടെ മൃതദേഹമുണ്ടായിരുന്നത്. ഷബ്ന ഒരിക്കലും ജീവനൊടുക്കില്ല. അവളെ കൊന്നതാണെന്നും ബന്ധുക്കൾ പറയുന്നു. ആ സമയത്ത് മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല, അത്രയും ബോൾഡായിട്ടാണ് അവൾ മരണത്തിന് മുമ്പ് വരെ സംസാരിച്ചത്…’..ബന്ധുക്കൾ പറയുന്നു.പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
ഷബ്ന മരിക്കുന്നതിന് മുമ്പ് മൊബൈൽ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ആണുങ്ങളോട് സംസാരിക്കുമ്പോൾ ശബ്ദം കുറച്ച് സംസാരിക്കണമെന്ന് ഷബ്നയോട് പറയുന്നതും വീഡിയോയിലുണ്ട്. ഷബ്നയുടെ മരണത്തിൽ ഭർത്താവിന്റെ അമ്മാവൻ അറസ്റ്റിലായിരുന്നു. ഓർക്കാട്ടേരി സ്വദേശി ഹനീഫയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി മരിച്ച യുവതിയുടെ മകൾ രംഗത്തെത്തിയിരുന്നു. പിതാവിന്റെ ബന്ധുക്കൾ മാതാവിനെ മർദിച്ചെന്നും മുറിയിൽ കയറി വാതിലടച്ചതോടെ പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കൾ ചെയ്തില്ലെന്നും പത്ത് വയസുകാരിയായ മകൾ പറഞ്ഞിരുന്നു. പിതാവിന്റെ അമ്മാവൻ ഹനീഫ ഉമ്മയെ അടിച്ചെന്നും അസഭ്യം പറഞ്ഞെന്നും മകൾ പറഞ്ഞു.