കാസർകോട്ടെ മുതിർന്ന സിപിഎം നേതാവ് എ കെ നാരായണൻ അന്തരിച്ചു
കാസർകോട് :സി.പി.എം. മുൻ കാസർകോട് ജില്ലാ സെക്രട്ടറിയും സി.ഐ.ടി.യു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കൺസ്യൂമർ ഫെഡ് മുൻ ചെയർമാനുമായ എ.കെ.നാരായണൻ (85) അന്തരിച്ചു. ഞായറാഴ്ച രാത്രി 11.30ഓടെ കാഞ്ഞങ്ങാട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് ഏഴോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം തിങ്കൾ രാവിലെ 9.30ന് മേലാങ്കോട്ടെ സിപിഐ എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി ഓഫീസിലും 11.30ന് അതിയാമ്പൂർ ബാലബോധിനി വായനശാലയിലും പൊതുദർശനത്തിന് വച്ചശേഷം 12.30ന് വീട്ടിലെത്തിക്കും. സംസ്കാരം പകൽ മൂന്നിന്. വാർധക്യസഹജമായ അസുഖംമൂലം കാഞ്ഞങ്ങാട് അതിയാമ്പൂരിനടുത്ത കാലിക്കടവിലെ വീട്ടിൽ അഞ്ചുവർഷത്തോളമായി വിശ്രമജീവിതത്തിലാണ്. 1989 മുതൽ 94 വരെയും 2004 മുതൽ നാലുവർഷവും സിപിഐ എം കാസർകോട് ജില്ലാസെക്രട്ടറിയായി. 1939ൽ നീലേശ്വരം പാലായിയിലാണ് ജനനം. അച്ഛൻ: കാഞ്ഞങ്ങാട് അതിയാമ്പൂർ അമ്പു. അമ്മ: പാലായിയിലെ മാണിക്കം.
ബിഡിത്തൊഴിലാളിയിൽനിന്ന് തൊഴിലാളി നേതാവായി വളർന്നയാളാണ് നാരായണൻ. ജില്ലയിൽ
കമ്മാടം ചുള്ളി എസ്റ്റേറ്റ് സമരം. കാഞ്ഞങ്ങാട്ടെ കല്ലട വുഡ് ഇൻഡസ്ട്രീസ് സമരം എന്നിവയുടെ
നേതൃത്വംവഹിച്ചു. ദിനേശ് ബീഡി സംഘം രൂപീകരിക്കുന്നതിനിടയാക്കിയ മംഗലാപുരത്തെ
ബീഡി സമരത്തിൽ പങ്കെടുത്ത് ജയിലായി. ഒട്ടേറെ തൊഴിൽസമരങ്ങളിൽ പങ്കെടുത്ത്
ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് മിസാ തടവുകാരനായി 17 മാസം
കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്നു. അവിഭക്ത കണ്ണൂർ ജില്ലയിലും കാസർകോട് ജില്ല
രൂപവത്കരിച്ചപ്പോൾ ഇവിടെയും ട്രേഡ് യൂണിയൻ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ
പ്രധാനിയായിരുന്നു. മൂന്നുതവണ സി.പി.എം. കാസർകോട് ജില്ലാ സെക്രട്ടറിയായി.
സി.ഐ.ടി.യു. കാസർകോട് ജില്ലാ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറി, ബീഡിത്തൊഴിലാളി
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യ വൈസ് പ്രസിഡന്റ്. ദിനേശ് ബീഡി
കേന്ദ്രസംഘം ഡയറക്ടർ, കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ
പ്രവർത്തിച്ചു.
ഭാര്യ: ഇന്ദിര. മക്കൾ: ലൈല (ഉദുമ ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റൽ വാർഡൻ), അനിത (മാനേജർ, കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് വടകരമുക്ക് ശാഖ). ആശ (ക്ലാർക്ക്, കേരള ബാങ്ക് മാവുങ്കാൽ ശാഖ), സീമ. മരുമക്കൾ: കെ. നാരായണൻ, ജി. യദുനാഥ് (കോഴിക്കോട് ഉപഭോക്ത്യ കോടതി മുൻ പ്രസിഡന്റ്), ജെ. ജൈനേന്ദ്രൻ (ഷാർജ), കെ.അശോകൻ.