സ്ത്രീകളുടെ നല്ലകാലം! വാക്ക് പാലിച്ച് കോൺഗ്രസ്, ഇന്നുമുതൽ സംസ്ഥാനത്തെ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യം.
ഹൈദരാബാദ്: കർണാടകക്ക് പിന്നാലെ ഹൈദരാബാദിലും തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കോൺഗ്രസ് സർക്കാർ. ഇന്നുമുതൽ സംസ്ഥാനത്തെ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യം. പ്രായഭേതമന്യേ സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കും തെലങ്കാന ആർടിസി ബസുകളിൽ യാത്ര സൗജന്യമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. തെലങ്കാനയിൽ കോൺഗ്രസ് ആറുവാഗ്ദാനങ്ങളായിരുന്നു നൽകിയത്.
മഹാലക്ഷ്മി പദ്ധതി പ്രകാരമാണ് സ്ത്രീകൾക്ക് സൗജന്യയാത്ര. സൗജന്യയാത്രയായതോടെ ബസുകളിൽ തിരക്കേറാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. മൊത്തം 7200 സർക്കാർ ബസുകളാണ് സംസ്ഥാനത്ത് ഓടുന്നത്. നിലവിൽ 40 ശതമാനമാണ് സ്ത്രീ യാത്രക്കാർ. സൗജന്യമായതോടെ 55 ശതമാനവും സ്ത്രീ യാത്രക്കാരായേക്കും. സൗജന്യയാത്രക്ക് അർഹരായവർ ഐഡി പ്രൂഫ് കാണിക്കണമെന്നും അധികൃതർ വ്യക്തമാക്കി. നിയുക്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയായിരിക്കും പദ്ധതി ഉദ്ഘാടനം ചെയ്യുക. മിക്ക എംഎൽഎമാരും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.
നേരത്തെ കർണാടകയിലും കോൺഗ്രസ് സമാന പദ്ധതി നടപ്പാക്കിയിരുന്നു. അധികാരത്തിലേറിയ ശേഷം സർക്കാർ ആദ്യം നടപ്പാക്കിയതും സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതിയായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ ടിക്കറ്റ് മുറിച്ച് കൊടുത്താണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തെലങ്കാനയിലും സമാനമായ വാഗ്ദാനമാണ് കോൺഗ്രസ് നൽകിയത്. അധികാരത്തിലേറിയപ്പോൾ നടപ്പാക്കുകയും ചെയ്തു. കെസിആർ സർക്കാറിനെ താഴെയിറക്കിയാണ് കോൺഗ്രസ് തെലങ്കാനയിൽ അധികാരം പിടിച്ചെടുത്തത്.