ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം ഉറുമ്പരിച്ച നിലയിൽ; പൊലീസ് അന്വേഷണം ഊർജിതമാക്കി
കാസർകോട്: മാതാവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാണാതായ യുവാവിനെ
വിജനമായ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബായാർ മുളിഗദ്ദെ, താൽത്താജെ, കൊറഗ കോളനിയിലെ മത്താടിയുടെ മകൻ ഗോപാല(28)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 9.30 മണിയോടെ വീട്ടിൽ നിന്നും അഞ്ചുകിലോമീറ്റർ അകലെയുള്ള പൈവളിഗെ, ബെരിപ്പദവ്, പെർവാടി, കുടാനയിലാണ് മൃതദേഹം കണ്ടത്. പാന്റ്സും. ഷർട്ടും ധരിച്ച മൃതദേഹത്തിന്റെ കണ്ണുകളും കൈകളും ഉറുമ്പരിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസ് സ്ഥലത്ത് കാവൽ ഏർപ്പെടുത്തി. വ്യാഴാഴ്ച രാവിലെ മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ രജീഷ്, എസ്ഐമാരായ കെ.പ്രശാന്ത്, നിഖിൽ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. കൂലിപ്പണിക്കാരനാണ് ഗോപാല. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ പണിക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടിൽ നിന്നു ഇറങ്ങിയത്. എന്നാൽ പത്തു മണിയോടെ തിരിച്ചെത്തുകയും ചെയ്തിരുന്നു. അസുഖമുണ്ടെന്ന സംശയത്തെ തുടർന്ന് ആശുപത്രിലേയ്ക്ക് പോകാനായി ആദ്യം ഗോപാലയും പിന്നാലെ മാതാവും വീട്ടിൽ നിന്നും ഇറങ്ങി. എന്നാൽ മാതാവ് റോഡിൽ എത്തിയപ്പോൾ മകനെ കണ്ടില്ല. തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ എടുത്തില്ല. പലതവണ വിളിച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല. വൈകുന്നേരം അഞ്ചരയ്ക്കു വീണ്ടും വിളിച്ചപ്പോൾ വർഗ്ഗീസ് എന്നുപേരുള്ള മറ്റൊരാളാണ് ഫോൺ എടുത്തത്. റബ്ബർ തോട്ടത്തിൽ നിന്നാണ് ഫോൺ കിട്ടിയതെന്നും ഒരു പഴ്സും കിട്ടിയിട്ടുണ്ടെന്നും തുടർച്ചയായി വിളി വന്നതു കൊണ്ടാണ് ഫോൺ എടുത്തതെന്നും വർഗ്ഗീസ് വിശദീകരിച്ചു. വിവരമറിഞ്ഞ് ബന്ധുക്കളടക്കമുള്ളവർ കൂടാനയിലെത്തി ഫോണും പഴ്സും കൈപ്പറ്റിയശേഷം മഞ്ചേശ്വരം പൊലീസിൽ പരാതി നൽകി. ഫോൺ ലഭിച്ച സ്ഥലമടക്കം വിവിധ സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. അതിനിടെ ബുധനാഴ്ച രാത്രിയിലാണ് രാമചന്ദ്രനെന്നയാളുടെ ഉടമസ്ഥതതയിലുള്ള സ്ഥലത്ത് ഗോപാലയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിലൂടെ മാത്രമേ മരണ കാരണം വ്യക്തമാവുകളളൂവെന്ന് പൊലീസ് പറഞ്ഞു.
ചന്തപ്പ, പവിത്ര എന്നിവർ മരണപ്പെട്ട ഗോപാലയുടെ സഹോദരങ്ങളാണ്.