ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരായ പരിപാടിക്കിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ എഐഎംഐഎം നേതാവും എംപിയുമായ അസദുദീന് ഒവൈസി പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. മൂന്നുവട്ടം പാക് അനുകൂല മുദ്രാവാക്യം വിളിച്ച അമൂല്യ ലിയോണ എന്ന പെണ്‍കുട്ടിയെ ഒവൈസി അടക്കമുള്ളവര്‍ തിരുത്താന്‍ ശ്രമിക്കുകയും അവരുടെ കൈയില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു.
ഇങ്ങനെയുള്ളവര്‍ പരിപാടിയില്‍ ഉണ്ടാവുമെന്ന് സംഘാടകര്‍ പറഞ്ഞിരുന്നുവെങ്കില്‍ താന്‍ വരില്ലായിരുന്നുവെന്ന് ഒവൈസി പിന്നീട് വ്യക്തമാക്കി.യുവതിക്കെതിരെ പോലീസ് രാജ്യദ്രോഹ കേസെടുത്തിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്തശേഷം അവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പാകിസ്താന് സിന്ദാബാദും ഹിന്ദുസ്ഥാന്‍ സിന്ദാബാദും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി പറയാനാണ് ശ്രമിച്ചതെന്നാണ് അമൂല്യയുടെ വാദം.